യു.എ.ഇ വേൾഡ് ടൂർ ഇന്ന് എക്സ്പോയിൽ; ഗതാഗത നിയന്ത്രണമുണ്ടാകും
text_fieldsദുബൈ: യു.എ.ഇ വേൾഡ് ടൂറിന്റെ എക്സ്പോ സ്റ്റേജ് വെള്ളിയാഴ്ച. എക്സ്പോ നഗരിയിൽനിന്ന് തുടങ്ങി 180 കിലോമീറ്റർ കറങ്ങി എക്സ്പോയിൽതന്നെ അവസാനിക്കുന്ന രീതിയിലാണ് റൈഡ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈയിൽ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ആർ.ടി.എ അറിയിച്ചു. വേൾഡ് ടൂറിന്റെ ആറാം സ്റ്റേജാണിത്. ശനിയാഴ്ച നടക്കുന്ന ഏഴാം ഘട്ടത്തോടെ വേൾഡ് ടൂർ സമാപിക്കും.
വ്യാഴാഴ്ച ഉച്ചക്ക് 12ന് എക്സപോ വില്ലേജിൽനിന്നാണ് ടൂർ ആരംഭിക്കുന്നത്. ദുബൈ സ്പോർട്സ് സിറ്റി, സിലിക്കൺ ഒയാസീസ്, ഫെസ്റ്റിവൽ സിറ്റി, റാസൽഖോർ, മെയ്ദാൻ, ഡിസൈൻ ഡിസ്ട്രിക്റ്റ്, എമിറേറ്റ്സ് ടവർ, അൽവസ്ൽ റോഡ്, ജുമൈറ റോഡ്, പാം ജുമൈറ, അറ്റ്ലാന്റിസ്, ദുബൈ ഹാർബർ, മറീന, ഡിസ്കവറി ഗാർഡൻ എന്നിവ വഴിയാണ് യാത്ര. വൈകീട്ട് 4.30ഓടെ എക്സ്പോയിൽതന്നെ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. സൈക്കിളുകൾ കടന്നുപോകുന്ന സമയങ്ങളിൽ ഈ റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
അതേസമയം, വ്യാഴാഴ്ച നടന്ന മർജാൻ സ്റ്റേജിൽ ജാസ്പെർ ഫിലിപ്സൺ ജേതാവായി. ഒലാവ് കൂയ്ജ്, സാം ബെന്നറ്റ് എന്നിവർ തൊട്ടുപിറകിലെത്തി. റാസൽഖൈമ കോർണിഷിൽനിന്ന് അൽ മർജാൻ ഐലൻഡ് വരെയുള്ള 182 കിലോമീറ്ററായിരുന്നു മത്സരം. ജനറൽ വിഭാഗത്തിൽ സൂപ്പർ താരം തദേജ് പൊഗാക്കർതന്നെയാണ് മുന്നിൽ. പോയന്റ് ക്ലാസിഫിക്കേഷനിൽ ജാസ്പെർ ഫിലിപ്സണും യങ് റൈഡർമാരിൽ തദേജ് പൊഗാകറും സ്പ്രിന്റിൽ ദിമിത്രിവ് സ്ട്രാകോവും മുന്നിട്ട് നിൽക്കുന്നു. ആകെ പോയന്റ് നിലയിൽ പൊഗാകറാണ് മുന്നിൽ. ഫിലിപ്പോ ഗന്ന, അലക്സാണ്ടർ വ്ലാസോവ് എന്നിവർ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ശനിയാഴ്ചയാണ് വിജയികളെ നിശ്ചയിക്കുന്ന നിർണായക മുബാദല സ്റ്റേജ്. അൽ ജാഹിലി ഫോർട്ടിൽനിന്ന് തുടങ്ങി ജബൽ ഹഫീത്തിൽ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. 148 കിലോമീറ്റർ ദൈർഘ്യം വരുന്ന റൈഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.