യു.എ.ഇയിലെ ആദ്യ റെയിൽവേ കടൽപാലം പൂർത്തിയായി
text_fieldsദുബൈ: യു.എ.ഇ ദേശീയ റെയിൽവേ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ നിർമാണ പുരോഗതിയിൽ ഒരു നാഴികക്കല്ലുകൂടി. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ആദ്യ റെയിൽവേ കടൽപാലം നിർമാണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. അബൂദബി ഖലീഫ തുറമുഖത്തെയും റെയിൽവേ നെറ്റ്വർക്കിനെയും ബന്ധിപ്പിക്കുന്നതാണ് പാലം.
ദേശീയ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ 'പാക്കേജ്-ബി'യുടെ ഭാഗമായാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയതെന്ന് ഇത്തിഹാദ് റെയിൽ ഡെപ്യൂട്ടി പ്രോജക്ട് മാനേജർ ഖലൂദ് അൽ മസ്റൂയി പറഞ്ഞു. ഒരു കിലോമീറ്റർ നീളമുള്ള പാലത്തിന്റെ അവസാന ബീമുകളും ബന്ധിപ്പിച്ചു. ആകെ 100 തൂണുകളാണ് പാലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അബൂദബി കരഭാഗത്തെയും കണ്ടെയ്നർ ടെർമിനലിനെയും ബന്ധിപ്പിക്കുന്ന റോഡിന് സമാന്തരമായാണ് റെയിൽ പാലം നിർമിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങൾ പരിഗണിച്ച് കൂടിയാണ് പാലം നിർമിച്ചിരിക്കുന്നത്. വേലിയേറ്റ സമയങ്ങളിൽ സുഗമമായ ഒഴുക്ക് ഉറപ്പാക്കുകയും പവിഴപ്പുറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് നിർമാണമെന്നും അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായ ആദ്യത്തെ കടൽ പാലമാണിത്. മറൈൻ റെയിൽ പാലം മേഖലയിലെ ചരക്കുഗതാഗതം മെച്ചപ്പെടുത്തുകയും വ്യാപാര ചെലവ് കുറക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.
രാജ്യത്തിന്റെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന യു.എ.ഇയുടെ സ്വപ്നപദ്ധതിയാണ് ഇത്തിഹാദ് റെയിൽ. ചരക്ക് ഗതാഗതത്തിനുപുറമെ പാസഞ്ചർ ട്രെയിനുകളും ഇതുവഴി ഓടുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോവുന്നത്. പദ്ധതി സമ്പദ്വ്യവസ്ഥക്ക് 200 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരാനിരിക്കുന്ന 50 വർഷം യു.എ.ഇയെ ഏകീകരിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് ഇത്തിഹാദ് റെയിലെന്ന് ഭരണാധികാരികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.