2.2 ട്രില്യൺ ദിർഹം കടന്ന് യു.എ.ഇയുടെ വിദേശ വ്യാപാരം
text_fieldsദുബൈ: യു.എ.ഇയുടെ വിദേശ വ്യാപാരം കഴിഞ്ഞ വർഷം 2.2 ട്രില്യൺ ദിർഹം പിന്നിട്ടതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. മന്ത്രിസഭ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് വിദേശ വ്യാപാരം ഇത്രയധികം വർധിക്കുന്നത്. 2021നെ അപേക്ഷിച്ച് 17 ശതമാനം വർധനവാണ് കഴിഞ്ഞ വർഷമുണ്ടായത്. അന്താരാഷ്ട്ര പങ്കാളികളുമായി വ്യാപാരം വർധിച്ചതാണ് വിദേശ വ്യാപാരം ഉയരാൻ കാരണം.
യു.എ.ഇയിലെ നിക്ഷേപം, ടൂറിസം, റിയൽ എസ്റ്റേറ്റ് എന്നിവ അഭൂതപൂർവമായ വളർച്ച കൈവരിച്ചു. വ്യവസായികൾക്ക് മികച്ച ബിസിനസ് അന്തരീക്ഷം നൽകുന്നത് സർക്കാർ തുടരുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ തയാറാക്കിയ ദേശീയ നിയമത്തിന് അദ്ദേഹം അംഗീകാരം നൽകി. നവംബറിൽ എക്സ്പോ സിറ്റിയിൽ നടക്കുന്ന കോപ് 28ന്റെ തയാറെടുപ്പിനായി സർക്കാർ സേവനങ്ങൾ ഏകോപിപ്പിക്കാൻ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ദേശീയ ബഹിരാകാശ പദ്ധതികളെ പ്രോത്സാഹിപ്പിക്കാൻ തുക മാറ്റിവെക്കുന്നതിനും അംഗീകാരം നൽകി.
ഇമാറാത്തി യുവജനതയെ ബഹിരാകാശ മേഖലയിൽ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. ചാറ്റ് ജി.പി.ടി പോലുള്ള നിർമിത ബുദ്ധി സാങ്കേതിക വിദ്യകളുടെ ഉപയോഗത്തെ ക്കുറിച്ചും വിദ്യാഭ്യാസ മേഖലയിൽ ഇതുണ്ടാക്കുന്ന സ്വാധീനങ്ങളെ ക്കുറിച്ചും പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ബന്ധപ്പെട്ട സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. ഭൂകമ്പത്തിൽ സിറിയയിലും തുർക്കിയയിലും മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് യോഗം തുടങ്ങിയത്. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശപ്രകാരം രണ്ട് രാജ്യങ്ങൾക്കും എല്ലാവിധ സഹായവും എത്തിക്കാൻ അറിയിപ്പ് നൽകിയതായും ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.