ബ്രസീലിലെ യു.എ.ഇ നിക്ഷേപം 500 കോടി ഡോളർ പിന്നിട്ടു
text_fieldsഅബൂദബി: ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ബ്രസീലിൽ യു.എ.ഇയുടെ നിക്ഷേപം 500 കോടി ഡോളർ പിന്നിട്ടു. ബ്രസീൽ പ്രസിഡന്റ് ലൂയി ലുല ഡ സിൽവയുടെ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക, വ്യാപാര ബന്ധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2003ലും ലുല ഡ സിൽവ യു.എ.ഇയിൽ സന്ദർശനം നടത്തിയിരുന്നു. ബ്രസീലിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നിക്ഷേപകരിൽ ഒരാളാണ് യു.എ.ഇയെന്നും മുബദാല പോലുള്ള പ്രമുഖ ഇമാറാത്തി കമ്പനികളുടെ സാന്നിധ്യമുണ്ടെന്നും തൂഖ് കൂട്ടിച്ചേർത്തു. വ്യവസായം, ഗതാഗതം, ഷിപ്പിങ്, സംഭരണം, അടിസ്ഥാന സൗകര്യങ്ങൾ, നിർമാണം, തുറമുഖങ്ങളുടെ നടത്തിപ്പ്, ഊർജം, ഖനനം, സാമ്പത്തികം, ബാങ്കിങ് മേഖല തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും നിലവിൽ സഹകരിക്കുന്നുണ്ട്. ഇരു സൗഹൃദ രാജ്യങ്ങളുടെയും വികസന അജണ്ടകളെ സഹായിക്കുന്ന വിധത്തിൽ ഉഭയകക്ഷി ബന്ധങ്ങളുടെ വിപുലീകരണത്തിന് ലുല ഡ സിൽവയുടെ സന്ദർശനം പ്രചോദനമേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഔദ്യോഗിക സന്ദർശനത്തിന് ശനിയാഴ്ച അബൂദബിയിലെത്തിയ ബ്രസീലിയൻ പ്രസിഡൻറിന് ഖസ്ർ അൽ വത്ൻ കൊട്ടാരത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. പിന്നീട് കൂടിക്കാഴ്ച നടത്തിയ നേതാക്കൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. സുസ്ഥിരത, നവീകരണം, സാമ്പത്തിക അവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സഹകരണത്തിനുള്ള കൂടുതൽ അവസരങ്ങൾ ചർച്ച ചെയ്തതായി ശൈഖ് മുഹമ്മദ് ബിൻ സായിദ് പിന്നീട് ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.