യു.എ.ഇയുടെ വൺ ബില്യൺ മീൽസ്; എം.എ. യൂസുഫലി 22 കോടി രൂപ സംഭാവന നൽകും
text_fieldsദുബൈ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് അന്നമെത്തിക്കുന്നതിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി 10 ദശലക്ഷം ദിർഹം (ഏകദേശം 22.4 കോടി രൂപ) സംഭാവന ചെയ്യും. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് നടപ്പാക്കുന്ന പദ്ധതിയിൽ അഞ്ച് വർഷത്തേക്കാണ് യൂസുഫലി സംഭാവന പ്രഖ്യാപിച്ചത്.
മനുഷ്യത്വത്തിന്‍റെ ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പിന്തുണക്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് സംഭാവന നൽകുന്നതെന്ന് യൂസുഫലി പറഞ്ഞു. മനുഷ്യത്വപരമായ പ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് യു.എ.ഇ. അർഹരായവരെ പിന്തുണക്കാനും അശരണർക്ക് ഭക്ഷണം നൽകാനുമുള്ള ശ്രമങ്ങളെ പിന്തുണക്കാൻ കഴിയുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
റമദാൻ ഒന്നുമുതൽ ആരംഭിച്ച പദ്ധതി നൂറു കോടി പേർക്ക് ഭക്ഷണമെത്തിക്കാനുള്ള സംഖ്യ കണ്ടെത്തുന്നത് വരെ തുടരും. റമദാന്‍റെ ആദ്യ ആഴ്ച പിന്നിടും മുൻപേ 25 കോടി ദിർഹമാണ് സംഭാവനയായി ലഭിച്ചത്. കഴിഞ്ഞ വർഷം 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ് അർഹരിലേക്ക് എത്തുക.
എങ്ങിനെ സംഭാവന നൽകാം:
1billionmeals.ae എന്ന വെബ്സൈറ്റ് വഴിയാണ് തുക കൈമാറേണ്ടത്. അല്ലെങ്കിൽ എമിറേറ്റ്സ് എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചും സംഭാവന ചെയ്യാം. മൊബൈൽ ഫോണിലെ ബാലൻസിൽ നിന്ന് തുക അടക്കാനുള്ള സൗകര്യവും ഏർപെടുത്തിയിട്ടുണ്ട്. ഇതിനായി ഇത്തിസാലാത്ത്, ഡു ഉപഭോക്താക്കൾ Meal എന്ന് ടൈപ്പ് ചെയ്ത ശേഷം മെസേജ് അയച്ചാൽ മതി. 10ദിർഹം 1034 എന്ന നമ്പറിലേക്കും 50ദിർഹമാണെങ്കിൽ 1035ലേക്കും 100ദിർഹമാണെങ്കിൽ 1036ലേക്കും 500ആണെങ്കിൽ 1038 എന്ന നമ്പറിലേക്കും എസ്.എം.എസ് അയച്ചാൽ മതി. മാസത്തിൽ സംഭാവന ചെയ്യാനുള്ള ഒപ്ഷനിൽ കുറഞ്ഞ തുക 30ദിർഹമാണ്. 8009999 നമ്പറിൽ വിളിച്ച് സഹായം തേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.