പിരിയുവാന്‍ നേരത്ത് കാണുവാന്‍ ആശിച്ച ഒരു മുഖം മാത്രം കണ്ടതില്ലാ....
text_fieldsദുബൈ: പ്രവാസിയുടെ നോവിനെ ഇത്രമേൽ തിരിച്ചറിഞ്ഞ ഒരു ഗായകൻ മലയാളത്തിലുണ്ടാവില്ല. തെൻറ വരികളിൽ വിവരിക്കപ്പെടുന്ന കഥാപാത്രങ്ങളിലൊന്നിനെപ്പോലെ പൊടുന്നനെയെങ്ങോ ഉമ്പായി മടങ്ങുേമ്പാൾ നഷ്ടമാകുന്നത് മലയാളം ഗസൽ ശാഖ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മഹാ ഗായകനെത്തന്നെയാണ്.
ഉമ്പായിയെ മൂളാത്ത ഒരു പ്രവാസിയെ കണ്ടെത്തുകയും പ്രയാസം. കൊച്ചിയുടെ കടൽക്കാറ്റ് പാറിച്ചു കൊണ്ടുവന്നതിലേറെ ഉപ്പുരസമുണ്ടായിരുന്നു ഒാരോ പാട്ടിൻ തലപ്പിലും, അത് നിർബന്ധിത വിരഹത്തിന് വിധിക്കപ്പെട്ടവരുടെ കണ്ണീരിെൻറയും വിയർപ്പിെൻറയും ഉപ്പായിരുന്നു. അതു കൊണ്ടു തന്നെ ഗൾഫിലെവിടെ ഉമ്പായിയുടെ സംഗീത പരിപാടികൾ നടന്നാലും കേൾക്കാൻ ആഡംബര ഫ്ലാറ്റുകളിൽ നിന്നും ലേബർ ക്യാമ്പുകളിൽ നിന്നും ഒരുപോലെ ആളുകൾ ഒഴുകിയെത്തി. ഷാർജ പുസ്തകോത്സവത്തിെൻറ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹമായ സന്ധ്യയും സദ്യയുമായിരുന്നു ഉമ്പായിയുടെ പുസ്തക പ്രകാശനം നടന്ന സായാഹ്നം. വിവിധ രാജ്യക്കാരും ഭാഷക്കാരുമായ കേൾവിക്കാർ ആ ശബ്ദത്തിൽ അലിഞ്ഞ് ഒന്നായി ഒഴുകിയ ചരിത്ര ദിവസം. വേണു.വി.ദേശം, ഒ.എൻ.വി, സച്ചിദാനന്ദൻ തുടങ്ങിയ മലയാളത്തിെൻറ പ്രിയ കവികൾക്കെല്ലാം ഒരു കൂട്ടം പുത്തൻ ആസ്വാദകരെ നേടിക്കൊടുക്കുന്നതിന് ഇൗ മാന്ത്രിക ശബ്ദം വലിയൊരു പങ്കുവഹിച്ചു. വെറും പുസ്തകത്താളുകളില്‍ ഒതുങ്ങിപ്പോകുമായിരുന്ന ആ പാട്ടുകള്‍ പ്രചരിപ്പിച്ചതില്‍ അദ്ദേഹത്തിെൻറ പങ്ക് ഏറെ വലുതാണെന്ന് കവി സച്ചിദാനന്ദൻ അനുശോചനക്കുറിപ്പിൽ നന്ദിപൂർവം ഒാർമ്മിച്ചതും അതു കൊണ്ടു തന്നെ.
മാധ്യമത്തിെൻറയും മീഡിയാ വണ്ണിെൻറയും പ്രിയ സുഹൃത്തായിരുന്നു ഇൗ മഹാ കലാകാരൻ. മാനവിക കലാലോകത്തിനു സംഭവിച്ച ഇൗ തീരാ നഷ്ടത്തിെൻറ ദുഖത്തിൽ ഗൾഫ്മാധ്യമവും പങ്കുചേരുന്നു.
മരുന്നിനേക്കാൾ മാസ്മരികം ആ സ്നേഹനാദം
ദുബൈ: മരുന്നുകളേക്കാൾ ഉപ്പക്ക് ആശ്വാസമായിരുന്നു ആ സ്നേഹനാദം. എറണാകുളം വെൽകെയർ ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോയിരുന്നതും ഡോ.വി.പി. ഗംഗാധരെൻറ അപ്പോയിൻമെൻറ് എടുത്തിരുന്നതുമെല്ലാം ഉമ്പായിക്കയായിരുന്നു^ മാന്ത്രിക ഗായകൻ എന്നതിലുപരി തുല്യതയില്ലാത്ത മനുഷ്യസ്നേഹിയായ ഉമ്പായിയെ ഒാർമിക്കുേമ്പാൾ ദല പി.ആർ. കൺവീനറും കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയുമായ ദിയാസിന് കണ്ണു നിറയുന്നു. എട്ടു^പത്ത് വർഷം മുൻപാണ് ഉമ്പായിക്കയുമായി പരിചയപ്പെടുന്നത്.
അദ്ദേഹത്തിെൻറ തബലിസ്റ്റായിരുന്ന അയൽവാസി റോഷൻ മുഖേനയാണ് അടുപ്പമാവുന്നത്. പിന്നീട് റോഷൻ പോയെങ്കിലും റിയാസും ഉമ്പായിയും തമ്മിലെ ബന്ധം കൂടുതൽ ദൃഢമായി തുടർന്നു. യു.എ.ഇയിൽ എവിടെ സംഗീത സദസ്സ് നടത്തിയാലും നിഴലായി റിയാസ് ഒപ്പമുണ്ടാകുമായിരുന്നു. അതിനിടയിലാണ് ഉപ്പ പേരാമ്പ്ര മുഹമ്മദിന് അർബുദബാധ കണ്ടെത്തിയത്. ആശ്രയം നൽകിയും ആശ്വസിപ്പിച്ചും ഉമ്പായിയും കുടുംബവും കൂടെ നിന്നു. പരിശോധനക്കായി വരുേമ്പാൾ കൊച്ചിയിലെ അബാദ് ഹോട്ടലിൽ മുറി ഒരുക്കിയിരുന്നതും അദ്ദേഹം തന്നെ. പരിപാടികളുടെ തിരക്കിനിടയിലും ആശുപത്രിയിൽ വന്ന് ഉപ്പയുടെ ചാരത്തിരുന്ന് പാട്ടുകൾ പാടിക്കൊടുക്കുമായിരുന്നു. മരുന്നുകൾ കൊണ്ട് വലിയ പ്രയോജനമുണ്ടെന്ന് കരുതുന്നില്ലെന്നും പക്ഷെ ഉമ്പായിയുടെ പാട്ട് കേൾക്കുേമ്പാൾ ജീവിതത്തെക്കുറിച്ച് പ്രതീക്ഷ തിരിച്ചുവരുന്നതായും ഉപ്പ പറയുമായിരുന്നു.
മൂന്നു മാസം മുൻപ് ഉമ്പായിക്കക്ക് അസുഖബാധയുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ സ്നേഹിക്കുന്നവരെല്ലാം തളർന്നുപോയിരുന്നു^തളർച്ചയില്ലാതെ പ്രതീക്ഷയോടെ ജീവിച്ചത് ഒരാൾ മാത്രമായിരുന്നു^അദ്ദേഹം തന്നെ. ഇൗയിടെ ഉമ്പായി മ്യുസിക് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങ് നടക്കുേമ്പാൾ എന്താടാ മുഖം വല്ലാതെയിരിക്കുന്നത് എന്ന് ചോദിച്ച് ശാസിച്ച് ഉമ്പായിക്ക അടുത്തു വന്നു. അസുഖം ഉടൻ മാറുമെന്നും നമുക്കിനിയും ദുബൈയിൽ നല്ലൊരു സദസ്സിനുവേണ്ടി പാടണമെന്നും പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹം^ ഖബറടക്ക ചടങ്ങിൽ പെങ്കടുക്കാൻ കൊച്ചിയിലേക്ക് പുറപ്പെടുന്നതിനിടെ റിയാസ് പറഞ്ഞു നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.