ഉംറ തീർഥാടകർക്ക്മാർഗനിർദേശവുമായി മന്ത്രാലയം
text_fieldsദുബൈ: യു.എ.ഇയിൽ നിന്ന് ഉംറ നിർവഹിക്കുന്നതിന് മക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിർദേശങ്ങളുമായി യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. യാത്രക്കുമുമ്പായി ‘നുസുക്’ ആപ്ലിക്കേഷനിൽ ഉംറക്ക് ബുക്കിങ് പൂർത്തിയാക്കാനും എന്തെങ്കിലും യാത്രാനിർദേശങ്ങളുണ്ടോയെന്ന് പരിശോധിക്കാനുമാണ് പ്രധാനമായും നിർദേശിച്ചിട്ടുള്ളത്.
റമദാനിൽ ഉംറ ചെയ്യുന്നതിന് തിരക്കേറിയ സാഹചര്യത്തിലാണ് മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ഉറപ്പുവരുത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഉംറക്കും മദീന സന്ദർശനത്തിനും വിദേശികൾക്ക് സമയം അനുവദിക്കുന്നത് ‘നുസുക്’ പ്ലാറ്റ്ഫോം വഴിയാണ്. ആപ്ൾ സ്റ്റോറിലും ഗൂഗ്ൾ പ്ലേ സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. തിരക്കേറിയ സാഹചര്യത്തിൽ ഒരാൾക്ക് റമദാനിൽ ഒരു ഉംറ മാത്രമേ അനുവദിക്കൂവെന്ന് സൗദി അധികൃതർ നേരത്തേ അറിയിച്ചിരുന്നു. തീർഥാടകർ വലിയ തുകകൾ കൊണ്ടുപോകരുതെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലേക്ക് പോകുമ്പോൾ ഐ.ഡി കാർഡുകളുടെയും പാസ്പോർട്ടിന്റെയും പകർപ്പുകൾ മാത്രം കരുതാനും അറിയിപ്പിൽ പറയുന്നു.
തിരക്കിൽ ഒറിജിനൽ രേഖകൾ നഷ്ടപ്പെടാതിരിക്കാനാണിത്. ഇമാറാത്തി തീർഥാടകർ ‘തവജ്ജുദി’ ആപ്പിൽ രജിസ്റ്റർ ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ എംബസികൾക്കും മറ്റു സംവിധാനങ്ങൾക്കും പൗരന്മാരെ ബന്ധപ്പെടാനുള്ള സൗകര്യത്തിനാണിത് ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.