അനധികൃത ഭക്ഷ്യവിൽപന; പരിശോധന കർശനമാക്കി ഷാർജ മുനിസിപ്പാലിറ്റി
text_fieldsഷാർജ: അനുമതിയില്ലാതെ വാഹനങ്ങളിൽ പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിൽപന നടത്തുന്നതിനെതിരെ പരിശോധന കാമ്പയിൻ ശക്തമാക്കി ഷാർജ മുനിസിപ്പാലിറ്റി. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ ഉറപ്പുവരുത്താനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിശോധന കർശനമാക്കിയതെന്ന് ഉയർന്ന ഉദ്യോഗസ്ഥർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ഭക്ഷ്യസ്ഥാപനങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നതുപോലെ നിർണായകമാണ് ഭക്ഷ്യ ഗതാഗത വാഹനങ്ങളുടെ പരിശോധനയുമെന്ന് ഹെൽത്ത് കൺട്രോൾ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജമാൽ അൽ മസ്മി പറഞ്ഞു. ലൈസൻസില്ലാതെ ഭക്ഷ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങളെ നിരുത്സാഹപ്പെടുത്തണമെന്ന് നിവാസികളോടും സ്ഥാപനങ്ങളോടും അധികൃതർ അഭ്യർഥിച്ചു. ഇത്തരം പ്രവൃത്തികൾ ഭക്ഷ്യ സുരക്ഷക്ക് ഗുരുതരമായ ഭീഷണിയുയർത്തുന്നതാണ്.
ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന വാഹനങ്ങൾ കർശനമായ ആരോഗ്യ സുരക്ഷ നിലവാരം ഉറപ്പുവരുത്തണം. സമഗ്രമായ പരിശോധനക്ക് ശേഷമാണ് മുനിസിപ്പാലിറ്റി ഇത്തരം വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിക്കാറ്. വാഹനങ്ങളിൽ താപനില നിലനിർത്താനാവശ്യമായ സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താറുണ്ടെന്നും അത്തരം വാഹനങ്ങൾക്ക് മാത്രമാണ് പെർമിറ്റ് അനുവദിക്കാറുള്ളതെന്നും അധികൃതർ അറിയിച്ചു.
വാഹനങ്ങളിൽ ഭക്ഷണ വിതരണം നടത്തുന്ന സ്ഥാപനങ്ങൾ ഷാർജ ഫുഡ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.