രണ്ട് ഇന്ത്യക്കാരെ സുരക്ഷാ ഗാർഡുകൾ രക്ഷപ്പെടുത്തി
text_fieldsദുബൈ: വ്യവസായ സ്ഥാപനത്തിന്റെ വാട്ടർ ടാങ്കിൽ ബോധരഹിതരായി വീണ ഇന്ത്യക്കാരായ രണ്ട് കോൺട്രാക്ടർമാരെ സുരക്ഷാ ഗാർഡുകൾ രക്ഷപ്പെടുത്തി. പാകിസ്താൻ സ്വദേശികളായ മുഹമ്മദ് സുബൈർ, മുഹമ്മദ് ഇഫ്തികാർ, ഫിലിപ്പീൻ സ്വദേശി റിച്ചാർഡ് എസ്റ്റെബാത്ത് എന്നിവരാണ് വിഷവാതകം നിറഞ്ഞ ടാങ്കിൽ ഇറങ്ങി ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയത്. കൃത്യസമയത്ത് പ്രാഥമിക ചികിത്സ നൽകാനും ഇവർക്ക് കഴിഞ്ഞു.
ദുബൈയിലെ ടൂറിസ്റ്റ് മേഖലയിലാണ് സംഭവം. കാലിയായ ടാങ്കിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിക്കാനാണ് ഇന്ത്യക്കാരായ രണ്ട് പേർ ഇതിനുള്ളിൽ കയറിയത്. ഇതിനിടെയാണ് ബോധരഹിതരായത്. അകത്തേക്ക് പോയാൽ തങ്ങളും ബോധരഹിതരായേക്കുമെന്ന് അറിയാമായിരുന്നെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കുക എന്ന ഉദ്യമം ഇവർ ഏറ്റെടുക്കുകയായിരുന്നു. റിച്ചാഡിന്‍റെ സഹായത്തോടെ ഇഫ്തികാറാണ് ടാങ്കിലേക്ക് ഇറങ്ങിയത്. മെഡിക്കൽ സംഘത്തെ വിളിച്ച് വിവരം അറിയിച്ചശേഷമായിരുന്നു ടാങ്കിലേക്ക് ഇറങ്ങിയത്. മാസ്ക് ഉപയോഗിച്ച് മുഖം മൂടിക്കെട്ടിയിരുന്നു.
റിച്ചാർഡിന്‍റെയും സുബൈറിന്‍റെയും സഹായത്തോടെ ഇന്ത്യക്കാരെ ടാങ്കിൽനിന്ന് പുറത്തെടുക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ മെഡിക്കൽ സംഘം കോൺട്രാക്ടർമാർക്കും സുരക്ഷാ ഗാർഡുകൾക്കും പ്രാഥമിക ചികിത്സ നൽകി. ടാങ്കിൽ വിഷ വാതകം നിറഞ്ഞിരുന്നതായി അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തി.
ജീവൻ രക്ഷിക്കാൻ ഇടപെട്ട മൂന്ന് പേർക്കും അധികൃതർ കാഷ് അവാർഡുകളും സമ്മാനവും നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.