ശൈഖ് ഖലീഫയുടെ കാലത്ത് അടിസ്ഥാന വികസനത്തിന് ചെലവിട്ടത് 40 ശതകോടി ദിർഹം
text_fieldsദുബൈ: അന്തരിച്ച യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ കാലഘട്ടത്തിൽ അടിസ്ഥാന വികസന പദ്ധതികൾക്കായി ചെലവഴിച്ചത് 40 ശതകോടി ദിർഹം. ആഗോള വികസന സൂചികകളിൽ ആദ്യ പത്തിൽ യു.എ.ഇയെ എത്തിച്ചതും ഈ വികസന പദ്ധതികളായിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ, സർക്കാർ സേവന മേഖലകളിൽ വൻ പദ്ധതികൾ നടപ്പാക്കി. 3000ഓളം ഫെഡറൽ സർക്കാർ കെട്ടിടങ്ങൾ നിർമിച്ചു. 230ഓളം പൊതുവിദ്യാലയങ്ങൾ നിർമിക്കുകയും നവീകരിക്കുകയും ചെയ്തു. ലോകോത്തര ചികിത്സ സൗകര്യങ്ങൾ ഒരുക്കി. ഫെഡറൽ സർക്കാറിന് കീഴിൽ 32 ആരോഗ്യ സ്ഥാപനങ്ങൾ സ്ഥാപിച്ചു. മത്സ്യതൊഴിലാളികൾക്കായി 24 മത്സ്യബന്ധന തുറമുഖങ്ങൾ നിർമിച്ചു. ഫെഡറൽ ഗവൺമെന്റിന് കീഴിലെ റോഡിെൻറ നീളം 900 കിലോമീറ്ററായി. 140 റോഡ് വികസന പദ്ധതികൾ പൂർത്തിയാക്കി. കഴിഞ്ഞ 20 വർഷത്തിനിടെ 106 ഡാമുകൾ നിർമിക്കുകയും നവീകരിക്കുകയും ചെയ്തു. ഡാമുകളിലെ ജലസംഭരണം ശേഷി 200 ദശലക്ഷം ക്യുബിക് മീറ്ററായി ഉയർന്നു.
ശൈഖ് സായിദ് ഭവന പദ്ധതി വഴി 33,838 പൗരന്മാർക്ക് വീടുവെക്കാൻ പിന്തുണ നൽകി. യു.എ.ഇ മൂന്നാം തവണയും കൗൺസിൽ ഓഫ് ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷെൻറ കാറ്റഗറി ബി അംഗത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയ സമുദ്രമേഖലയെ ശക്തിപ്പെടുത്തുന്നതിൽ രാജ്യം സജീവമായ പങ്കു വഹിച്ചതിെൻറ തെളിവായിരുന്നു ഇത്. രാജ്യത്തെ ആഗോള സമുദ്രഗതാഗതത്തിെൻറ ഹബായി മാറ്റാൻ കഴിഞ്ഞു. വർഷത്തിൽ 90 ശതകോടി ദിർഹമാണ് ഇതു വഴി രാജ്യത്തിെൻറ ജി.ഡി.പിയായി ലഭിക്കുന്നത്. സമുദ്രമേഖലയിലെ നിരവധി ആഗോള മത്സര സൂചകങ്ങളിൽ യു.എ.ഇ മുൻനിരയിലാണ്. ഗതാഗത സേവനത്തിലും ബങ്കർ വിതരണ സൂചികയിലും രാജ്യം മൂന്നാം സ്ഥാനത്താണ്.
പോർട്ട് പെർഫോമൻസ് ആൻഡ് എഫിഷ്യൻസി ഇൻഡക്സിൽ ആഗോളതലത്തിൽ 13-ാം സ്ഥാനവും പ്രധാന നാവിക കേന്ദ്രമെന്ന നിലയിൽ അഞ്ചാം സ്ഥാനവും നേടി. കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തെ തുറമുഖങ്ങൾ അന്താരാഷ്ട്രതലത്തിൽ ആദ്യ പത്തിൽ എത്തി. ഇതിന് പുറമെ, 103 രാജ്യങ്ങളുടെ വികസന പദ്ധതികൾക്കായി 150 ശതകോടി ദിർഹമും ശൈഖ് ഖലീഫയുടെ ഭരണകാലത്ത് നൽകി. കോവിഡ് കാലത്ത് 2154 ടൺ മെഡിക്കൽ ഉപകരണങ്ങളാണ് 135 രാജ്യങ്ങളിലേക്ക് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.