യു.എ.ഇയിൽ തൊഴിൽ നഷട്പ്പെടുന്നവർക്ക് ഇൻഷുറൻസ്; പ്രീമിയം തുക മാസം അഞ്ച് ദിർഹം മാത്രം
text_fieldsദുബൈ: തൊഴിൽ നഷ്ടപ്പെടുന്നവർക്കായി നടപ്പാക്കുന്ന ഇൻഷുറൻസിന്‍റെ കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. മാസം അഞ്ച് ദിർഹം മുതൽ പ്രീമിയം അടച്ച് ഇൻഷ്വറൻസിന്‍റെ ഭാഗമാകാം. 2023 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ ആശ്വാസമാകുന്ന ഇൻഷുറൻസ് സ്കീമാണിത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പരിരക്ഷ ലഭിക്കും.
രണ്ട് തരം ഇൻഷുറൻസാണ് അവതരിപ്പിക്കുന്നത്. 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് മാസത്തിൽ അഞ്ച് ദിർഹം വീതം അടച്ച് ചേരാം. അല്ലെങ്കിൽ വർഷത്തിൽ 60 ദിർഹം അടക്കണം. 16,000 ദിർഹമിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർ മാസം 10 ദിർഹം വീതമോ വർഷത്തിൽ 120 ദിർഹമോ പ്രീമിയം അടക്കണം. മൂന്ന് മാസത്തിൽ ഒരിക്കലോ ആറ് മാസം കൂടുമ്പോഴോ പ്രീമിയം അടക്കാനും സൗകര്യമുണ്ട്. ജീവനക്കാരാണ് ഇൻഷുറൻസ് തുക അടക്കേണ്ടത്, സ്ഥാപനമല്ല. ഇൻഷുറൻസ് പദ്ധതിയുമായി സഹകരിക്കുന്നതിന് ഒമ്പത് സ്ഥാപനങ്ങളുമായി മന്ത്രാലയം കരാർ ഒപ്പുവെച്ചു.
ശമ്പളം 16,000 ദിർഹമിൽ താഴെയുള്ളവർക്ക് പരമാവധി പ്രതിമാസം 10,000 ദിർഹമാണ് ഇൻഷുറൻസായി ലഭിക്കുക. 16,000 ദിർഹമിന് മുകളിലുള്ളവർക്ക് പരമാവധി 20,000 ദിർഹം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്‍റെ 60 ശതമാനമാണ് ഇൻഷുറൻസ് തുകയായി കണക്കാക്കുന്നത്. ജോലി നഷ്ടപ്പെട്ട് മൂന്ന് മാസം വരെയാണ് തുക ലഭിക്കുന്നത്. എന്നാൽ, ഇക്കാലയളവിനിടെ പുതിയ ജോലി ലഭിക്കുകയോ രാജ്യം വിടുകയോ ചെയ്താൽ പിന്നീട് തുക ലഭിക്കില്ല. സ്മാർട്ട് ആപ്ലിക്കേഷൻ, ഇൻഷുറൻസ് പൂളിന്‍റെ ഇ പോർട്ടൽ, കോൾ സെന്‍റർ എന്നിവ വഴി അപേക്ഷ സമർപ്പിക്കാം. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനുള്ളിൽ െക്ലയിമിനായി അപേക്ഷിക്കണം. രണ്ടാഴ്ചക്കുള്ളിൽ തുക ലഭിച്ച് തുടങ്ങും.
അതേസമയം, സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, വീട്ടുജോലിക്കാർ, പാർട്ട് ടൈം ജീവനക്കാർ, 18 വയസ്സിൽ താഴെയുള്ളവർ, വിരമിക്കൽ പെൻഷൻ സ്വീകരിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ, കമ്മീഷൻ രീതിയിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് ആനുകൂല്യം ലഭിക്കില്ല. അച്ചടക്ക നടപടിയുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടവർക്കും പരിരക്ഷ ലഭിക്കില്ല. പ്രീമിയം അടക്കാൻ തുടങ്ങി 12 മാസം പിന്നിട്ട ശേഷമെ പരിരക്ഷക്ക് യോഗ്യതയുണ്ടാവൂ. നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിൽ കൃത്രിമം കാണിച്ചാൽ ശിക്ഷിക്കപ്പെടും. ജോലി ചെയ്യുന്ന സ്ഥാപനം യഥാർഥമല്ലെന്ന് കണ്ടെത്തിയാൽ പിഴ ഈടാക്കും.
ഇൻഷുറൻസ് പൂളിന്‍റെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, എ.ടി.എം, കിയോസ്ക് മെഷീൻ, ബിസിനസ് സെന്‍റർ, മണി എക്സ്േചഞ്ച് സ്ഥാപനങ്ങൾ, ഡു, ഇത്തിസാലാത്ത്, എസ്.എം.എസ് തുടങ്ങിയ സംവിധാനങ്ങൾ വഴി ഉപഭോക്താക്കൾക്ക് സ്കീമിൽ ചേരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.