തൊഴിൽ നഷ്ട ഇൻഷുറൻസ് രജിസ്ട്രേഷൻ തീയതി നീട്ടി
text_fieldsദുബൈ: ദേശീയ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള സമയ പരിധി മൂന്നുമാസം കൂടി നീട്ടി. ജൂൺ 30ൽ നിന്ന് ഒക്ടോബർ ഒന്നിലേക്കാണ് നീട്ടിയത്. വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് തൊഴിൽ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 4.6 ദശലക്ഷം പേർ ഇതിനകം പദ്ധതിയിൽ അംഗമായതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. 2023 ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന ശേഷം ശ്രദ്ധേയമായ നേട്ടമാണിത് കാണിക്കുന്നതെന്നും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം കൂട്ടിച്ചേർത്തു. തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാർക്ക് 10,000 ദിർഹം വീതം മൂന്നു മാസത്തേക്ക് ലഭിക്കുന്ന പദ്ധതിയാണ് തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി.
യു.എ.ഇ പൗരൻമാർ ഉൾപ്പെടെ പൊതു, സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികളും പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു നിർദേശം. 16,000 ദിർഹം വരെ ശമ്പളമുള്ളവർക്ക് അഞ്ചു ദിർഹവും അതിന് മുകളിലുള്ളവർക്ക് 10 ദിർഹവുമാണ് പ്രതിമാസം രജിസ്ട്രേഷൻ ഫീസ്.
വാർഷിക ഫീസായി ഇത് യഥാക്രമം 60, 120 ദിർഹമായി അടക്കാം. www.iloe.ae എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. പദ്ധതിയിൽ അംഗമായി തുടർച്ചയായി 12 മാസം ഫീസ് അടച്ചവർക്കാണ് ഇൻഷുറൻസിന് യോഗ്യത. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനകം നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിക്കുകയും വേണം. അച്ചടക്ക നടപടി മൂലമോ രാജിവെക്കുകയോ ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കില്ല. സമയപരിധിക്കകം പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്തവർ 400 ദിർഹം പിഴ അടക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.