തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതി; രജിസ്റ്റർ ചെയ്തത് 20 ലക്ഷത്തിലധികം പേർ
text_fieldsദുബൈ: യു.എ.ഇയിൽ ജോലി നഷ്ടപ്പെടുന്നവർക്ക് തൊഴിൽമന്ത്രാലയം പ്രഖ്യാപിച്ച പുതിയ തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 20 ലക്ഷത്തിലധികം പേർ. ഇതിൽ 40,000 പേർ ഇമാറാത്തികളാണെന്നും ചൊവ്വാഴ്ച നടന്ന ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) യോഗത്തിൽ സംസാരിക്കവെ മാനവവിഭവശേഷി, ഇമററ്റൈസേഷൻ വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ അൽ അവർ അറിയിച്ചു.
പിഴ ഒഴിവാക്കാൻ യോഗ്യരായ എല്ലാ ജീവനക്കാരും ജൂൺ 30ന് മുമ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തേ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ജോലി നഷ്ടപ്പെടുന്ന സാധാരണ തൊഴിലാളികൾക്ക് ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് തൊഴിൽ മന്ത്രാലയം അവതരിപ്പിച്ച തൊഴിൽനഷ്ട ഇൻഷുറൻസ്.
പദ്ധതിയിൽ അധിക ആനുകൂല്യത്തിനായി അതത് ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്താനുള്ള അവസരവും തൊഴിലാളികൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽരംഗത്ത് സ്ഥിരതയും സുഗമമായ തൊഴിൽ സാഹചര്യവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ പ്രധാനമായും മൂന്ന് ഫ്ലക്സിബിൾ പോളിസികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ഥാപനം അടച്ചുപൂട്ടുകയോ ശമ്പളത്തിൽ കുടിശ്ശിക വരുത്തുകയോ ചെയ്യുന്ന സാഹചര്യത്തിൽ തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് മൂന്നു മാസം വരെ സാമ്പത്തിക പരിരക്ഷ ലഭിക്കും.
ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് നാട്ടിലേക്കു പോകാനുള്ള ചെലവുകൾ, ജോലിക്കിടെ ഗുരുതര പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്യുന്നവരെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ചെലവ് തുടങ്ങി വിവിധ ആനുകൂല്യങ്ങളും പദ്ധതിക്കു കീഴിൽ ലഭിക്കും. രജിസ്റ്റർ ചെയ്ത 96 ശതമാനം തൊഴിലാളികളും നിലവിൽ പരിരക്ഷക്കു കീഴിൽ വരുന്നുണ്ടെന്നാണ് തൊഴിൽവകുപ്പ് റിപ്പോർട്ട് ചെയ്യുന്നത്.
തൊഴിലാളികൾക്ക് സമയബന്ധിതമായി ശമ്പളവും തൊഴിൽസുരക്ഷയും ഉറപ്പാക്കുന്ന നൂതനമായ സാങ്കേതിക സംവിധാനമാണിതെന്ന് തൊഴിൽ വകുപ്പ് വ്യക്തമാക്കി. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിലൂടെ ശമ്പളവും തൊഴിൽലഭ്യതയും ഉറപ്പുനൽകുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പുതിയ പദ്ധതി ആവശ്യമാണ്. കഴിഞ്ഞ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 2023 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 3.34 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇതേ കാലയളവിൽ 98 ശതമാനത്തിലധികം തൊഴിലാളികളും പദ്ധതിയിൽ അംഗമായിട്ടുണ്ട്.
16,000 ദിർഹം വരെ ശമ്പളമുള്ളവർക്ക് മാസം അഞ്ചു ദിർഹം അല്ലെങ്കിൽ വർഷം 60 ദിർഹം പ്രീമിയം അടച്ച് പദ്ധതിയിൽ അംഗമാകാം. 16,000 ദിർഹത്തിന് മുകളിൽ ശമ്പളമുള്ളവർ മാസം പത്ത് ദിർഹമോ വർഷം 120 ദിർഹമോ അടക്കണം. 16,000 ദിർഹത്തിൽ താഴെ അടിസ്ഥാന ശമ്പളമുള്ളവർക്ക് മാസം പരമാവധി 10,000 ദിർഹം വീതമാണ് തൊഴിൽ നഷ്ടപ്പെട്ടാൽ മൂന്നുമാസം ലഭിക്കുക. 16,000 ദിർഹത്തിന് മുകളിൽ ശമ്പളമുള്ളവർക്ക് മാസം പരമാവധി 20,000 ദിർഹം വരെ ഇൻഷുറൻസ് ലഭിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.