കഠിനചൂടിനിടയിൽ കുളിരായിപ്പെയ്തു; മഴയിലലിഞ്ഞ് ദുബൈയും ഷാർജയും
text_fieldsദുബൈ: വേനൽ ചൂട് അതികഠിനമായി തുടരുന്നതിനിടെ അൽ ഐനു പിന്നാലെ ദുബൈയിലും ഷാർജയിലും കനത്ത മഴ. ശനിയാഴ്ച ഉച്ചക്കു ശേഷമാണ് രണ്ട് എമിറേറ്റിലും ഇടിയോടു കൂടിയ മഴയും പൊടിക്കാറ്റും വീശിയത്.
ദുബൈയിൽ അൽ ബർഷ, അൽ ബറാറി, അൽ ഖുദ്റ, ദേര എന്നിവിടങ്ങളിലും ഷാർജയിലെ വടക്കു കിഴക്കൻ ഭാഗങ്ങളിലുമാണ് ശക്തമായ മഴ ലഭിച്ചത്. ദുബൈ നഗരത്തിലെ കരാമയിലും ഷാർജയിലെ റോളയിലും കാറ്റിൽ മരം കടപുഴകി. സിവിൽ ഡിഫൻസ് അതോറിറ്റി എത്തിയാണ് മരങ്ങൾ മുറിച്ചുനീക്കിയത്. ചിലയിടങ്ങളിൽ റോഡിൽ വെള്ളം ഉയരുന്നതിനും കാരണമായി. പൊടിക്കാറ്റിൽ ദൃശ്യപരത കുറഞ്ഞത് വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തിയതോടെ പൊലീസ് വേഗം കുറക്കാനുള്ള നിർദേശം പുറപ്പെടുവിച്ചു. അപ്രതീക്ഷിത കാറ്റിലും മഴയിലും കരാമയിലെ ചില ഷോപ്പുകൾക്ക് നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
അടുത്ത ആഴ്ചവരെ ദുബൈയിൽ ഈർപ്പമുള്ള കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. പൊടിക്കാറ്റിനൊപ്പം ഇടിവെട്ടിയതായും റിപ്പോർട്ടുണ്ട്.
വെള്ളിയാഴ്ച അൽ ഐനിന്റെ വടക്കു ഭാഗത്തുണ്ടായ കനത്ത മഴയെ തുടർന്ന് റോഡിൽ മരം വീണിരുന്നു. പൊടിക്കാറ്റിൽ കാഴ്ച മങ്ങിയതോടെ നിയന്ത്രണംവിട്ട പിക്അപ് വാൻ അപകടത്തിൽപെടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. അഗ്നിശമനസേന എത്തിയാണ് കടപുഴകിയ മരം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. അടുത്ത ദിവസങ്ങളിലും അപകടകരമായ കാലാവസ്ഥ തുടരുമെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും എൻ.സി.എം മുന്നറിയിപ്പു നൽകി.
യു.എ.ഇ.യിലെ ഗാർഡൻ സിറ്റിയിൽ പെയ്ത മഴയിൽ വാഹനമോടിക്കുന്നവരുടെ വിഡിയോയും എൻ.സി.എം പുറത്തുവിട്ടിരുന്നു. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ദുബൈയിൽനിന്ന് അൽ ഐനിലേക്കുള്ള റോഡിൽ വാഹനങ്ങളുടെ വേഗപരിധി 140ൽനിന്ന് 120 കിലോമീറ്ററായി പരിമിതപ്പെടുത്തി. എമിറേറ്റിന്റെ കിഴക്കു ഭാഗങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് അഞ്ചു ദിവസത്തെ കാലാവസ്ഥ ബുള്ളറ്റിനിൽ എൻ.സി.എം പ്രവചിച്ചു. ഈർപ്പം നിറഞ്ഞ ചൂടിനൊപ്പം അടുത്ത ദിവസങ്ങളിലായി അസ്ഥിരമായ കാലാവസ്ഥയാണ് യു.എ.ഇയിൽ അനുഭവപ്പെടുന്നത്.
എന്നാൽ, ഈർപ്പമുള്ള കാലാവസ്ഥക്കിടയിലും അൽ ഐനിൽ വെള്ളിയാഴ്ച 49 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. അടുത്ത അഞ്ചു ദിവസങ്ങളിൽ അബൂദബിയിൽ 40 ഡിഗ്രി സെൽഷ്യസിനിടയിൽ ചൂട് അനുഭവപ്പെടുമെന്നും ദുബൈയിൽ കുറവായിരിക്കുമെന്നും എൻ.സി.എം പ്രവചിച്ചു.
കനത്ത മഴ: ഷാർജയിൽ പാർക്കുകൾ അടച്ചു
ഷാർജ: കനത്ത മഴയെ തുടർന്ന് ഷാർജയിലെ എല്ലാ പൊതു പാർക്കുകളും താൽക്കാലികമായി അടച്ചു. സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. മഴ കുറയുന്നതോടെ പാർക്കുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
നിർമാണ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താൻ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് കരാറുകാരോട് പ്രാദേശിക ഭരണകൂടം അഭ്യർഥിച്ചു. മഴമൂലമുണ്ടാകുന്ന അപകടങ്ങളോട് പ്രതികരിക്കാൻ പ്രത്യേക സംഘം സജ്ജമാണ്. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ 993 എന്ന നമ്പറിൽ ബന്ധപ്പെടാം.
അജ്മാന്റെ വിവിധ ഭാഗങ്ങളിലും മഴ
അജ്മാന്: അജ്മാന്റെ വിവിധ പ്രദേശങ്ങളിലും ശനിയാഴ്ച മഴ ലഭിച്ചു. വൈകീട്ട് മുതല്‍ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. വിവിധ പ്രദേശങ്ങളില്‍ ഇടവിട്ട് മഴ പെയ്തപ്പോൾ ചില മേഖലകളില്‍ ചെറിയ തോതിലാണ് പെയ്തത്. എമിറേറ്റിൽ മഴ മൂലമുള്ള അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.