അപ്രതീക്ഷിത വേലിയേറ്റം; കടലില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി
text_fieldsറാസല്‍ഖൈമ: അപ്രതീക്ഷിത വേലിയേറ്റത്തെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് രക്ഷകരായി സമീപവാസികള്‍. 20കാരായ തദ്ദേശീയരായ മൂന്ന് യുവാക്കള്‍ മത്സ്യബന്ധനത്തിലേര്പ്പെട്ടിരിക്കുമ്പോള് പൊടുന്നനെ വേലിയേറ്റം രൂപപ്പെടുകയായിരുന്നു. കരക്കണയാന്‍ കഴിയാതെ കുടുങ്ങിയ യുവാക്കള്‍ക്ക് സമീപവാസികളുടെ സാഹസിക രക്ഷാപ്രവര്‍ത്തനം തുണയാവുകയായിരുന്നുവെന്ന് റാക് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
വേലിയേറ്റം കാരണം കരയിലെത്താൻ കഴിയുന്നില്ലെന്ന വിവരം യുവാക്കളിലൊരാള്‍ റാക് പൊലീസിനെ അറിയിച്ചു. രക്ഷാദൗത്യ സേന സംഭവസ്ഥലത്ത് എത്തുന്നതിനുമുമ്പേ സമീപവാസികള്‍ മൂന്നു പേരെയും സുരക്ഷിതമായി കരയിലെത്തിച്ചു. മൂന്ന് പേര്‍ക്കും പ്രാഥമിക വൈദ്യ പരിശോധന ലഭ്യമാക്കി ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തിയതായും അധികൃതര്‍ അറിയിച്ചു.
യുവാക്കളെ രക്ഷിക്കുന്നതില്‍ പൊതുജനങ്ങളുടെ ഇടപെടല്‍ പ്രശംസയര്‍ഹിക്കുന്നതായി റാക് പൊലീസ് വ്യക്തമാക്കി. കടലില്‍ മത്സ്യബന്ധനത്തിലും വിനോദത്തിലും ഏര്‍പ്പെടുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.