പ്രതീക്ഷിക്കാതെ യാത്രാവിലക്ക്; യു.എ.ഇയില്‍ കുടുങ്ങിയത് നിരവധിപേർ
text_fieldsഅജ്മാന്‍: മുന്നറിയിപ്പില്ലാതെ വിവിധ രാജ്യങ്ങളിൽ യാത്രാവിലക്ക് വന്നതോടെ പരുങ്ങലിലായത് നൂറുകണക്കിന് പേർ. കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്കു കടന്നതിനെ തുടർന്ന് അതിർത്തികൾ അടച്ചതോടെയാണ് സൗദി, ഒമാൻ, കുവൈത്ത് രാജ്യങ്ങളിലേക്ക് ദുബൈ മാർഗം പോകാനെത്തിയ പ്രവാസികൾ യു.എ.ഇയില്‍ കുടുങ്ങിയത്. കൊറോണ വൈറസ് രണ്ടാം വരവിെൻറ ഭീതിയെ തുടര്‍ന്ന് നിരവധി രാജ്യങ്ങളാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. നേരേത്ത സൗദി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് നേരിട്ട് പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അവിടങ്ങളിലുള്ള പ്രവാസികള്‍ യു.എ.ഇയില്‍ ഇറങ്ങി രണ്ടാഴ്ച ക്വാറൻറീൻ പൂര്‍ത്തിയാക്കി തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യത്തേക്ക് തിരിക്കുകയായിരുന്നു പതിവ്.
കോവിഡിെൻറ രണ്ടാം വരവ് ഭീതിയെ തുടര്‍ന്ന് വിമാനങ്ങള്‍ നിര്‍ത്തലാക്കിയതോടെ ഇത്തരത്തില്‍ വന്നു കുടുങ്ങിയത് മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളാണ്. നാട്ടില്‍നിന്ന് ഒരു മാസ വിസയും താമസ വും കോവിഡ് ടെസ്റ്റ് അടക്കമുള്ള രണ്ടാഴ്ചത്തെ പാക്കേജ് എടുത്താണ് മിക്ക പ്രവാസികളും യു.എ.ഇയില്‍ എത്തിയത്. ഈ പാക്കേജിന് 74000 ഇന്ത്യന്‍ രൂപയാണ് നാട്ടില്‍നിന്നും ഏജന്‍സികള്‍ ഈടാക്കുന്നത്. ഇവിടെയെത്തി രണ്ടാഴ്ചത്തെ ക്വാറൻറീൻ പൂര്‍ത്തിയാക്കി പലരും മടങ്ങാനിരിക്കെയാണ് ഇടിത്തീപോലെ പ്രഖ്യാപനം വന്നത്. ഇതോടെ ഭൂരിഭാഗം പേരും പ്രതിസന്ധിയിലായി. പലരുടെയും പാക്കേജ് അവസാനിക്കാനിരിക്കെ യാത്രാവിലക്ക് തീരുന്നതുവരെ യു.എ.ഇയില്‍ ആവശ്യമായ താമസസൗകര്യത്തിനും ഭക്ഷണത്തിനും ഇവര്‍ ബുദ്ധിമുട്ടും.
മുഴുവന്‍ ചെലവ് എന്ന പാക്കേജില്‍ വന്ന ഇവര്‍ മാസങ്ങൾ ജോലിയില്ലാതെ നാട്ടില്‍നിന്നവരുമാണ്. ഇന്നലെ കോവിഡ് ടെസ്റ്റ് ചെയ്ത് ഇന്നും നാളെയും തൊഴില്‍ ചെയ്യുന്ന രാജ്യത്തേക്ക് തിരിക്കാന്‍ കാത്തിരിക്കുന്നവർ പോലുമുണ്ട്. രണ്ടാഴ്ച യു.എ.ഇ താമസം പ്രതീക്ഷിച്ച് വന്ന് ഇവിടെനിന്ന് കോവിഡ് പോസിറ്റിവ് ആയി പ്രതിസന്ധിയിലായവരുമുണ്ട്. പലരും താമസത്തിനും നിത്യച്ചെലവിനും ഏറെ ബുദ്ധിമുട്ടുകയാണ്. നാട്ടില്‍നിന്ന് വന്നു തൽക്കാലം ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നവരും ഏറെയാണ്. ഇവര്‍ ഇനി എങ്ങോട്ടു പോകും എന്ന പ്രതിസന്ധിയുമുണ്ട്.
യാത്രാവിലക്ക് വന്നതോടെ വിസ തീരുന്ന പ്രശ്നമുള്ളവരുമുണ്ട്. ഉറ്റവരില്ലാതെ വന്നിറങ്ങി ടെസ്റ്റില്‍ പോസിറ്റിവ് ആയി ദുരിതമനുഭവിക്കുന്നവരും ആശങ്കയിലാണ്. യാത്രാവിലക്ക് നീളുകയാണെങ്കില്‍ അഭയാര്‍ഥികളെപോലെ ജീവിക്കേണ്ടിവരുമോ എന്ന ആശങ്ക പങ്കുവെക്കുകയാണ് സൗദിയില്‍ ജോലി ചെയ്യുന്ന ചെമ്മാട് സ്വദേശി അബ്ദുല്‍ ലത്തീഫ്. സൗദിയോടൊപ്പം ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍കൂടി യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലാകുന്നവരുടെ എണ്ണം കൂടും. യാതൊരു വരുമാനവുമില്ലാതെ ദുരിതത്തിലാകുന്നവരെ സഹായിക്കാന്‍ കോണ്‍സുലേറ്റ് അടക്കമുള്ള സാമൂഹിക കൂട്ടായ്മകള്‍ മുന്നോട്ടുവരണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.