അറിയാത്ത ലോകങ്ങൾ കണ്ടുകണ്ട്..
text_fieldsലോകരാജ്യങ്ങൾ കോവിഡ് മഹാമാരിയെ തോൽപിച്ച് മുന്നോട്ടുകുതിക്കാൻ വെമ്പൽ കൊള്ളുമ്പോൾ, എക്സ്പോ 2020യും വഹിച്ച് യു.എ.ഇ ഉയർന്ന് പറക്കുന്ന കാഴ്ചകൾ തേടിയാണ് വിശ്വമേളയുടെ നഗരിയിലേക്കിറങ്ങിയത്. ആര്ത്തിയോടെ അവിടെയെത്തിയ ഞങ്ങൾ ആദ്യം ഏത് പവലിയനിൽ കേറും എന്ന ശങ്കയിൽ തിരക്കിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അത്രക്കുണ്ടല്ലോ കാണാൻ. ഓരോ രാജ്യങ്ങളുടെയും തലയെടുപ്പുള്ള പവലിയനുകൾ ഒന്നിനോടൊന്ന് കിടപിടിക്കുന്ന തരത്തിലായിരുന്നു. നൂറ്റിത്തൊണ്ണൂറോളം രാജ്യങ്ങൾ എന്നു കേൾക്കുമ്പോൾ അത്ഭുതമായിരുന്നു. തിരക്കു കുറഞ്ഞ അംഗോളയുടെ പവലിയനിലാണ് ആദ്യം കയറിയത്.
അവരുടെ രാജ്യത്തിെൻറ സംസ്കാരവും വളർച്ചയും സാധ്യതകളും പ്രദർശനത്തിൽ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. തുടർന്ന് പെറു, പാപ്വ ന്യൂഗിനി, കേമ്പാഡിയ, ഗാബോൺ, സുരിനേം, ഇക്വറ്റോറിയൽ ഗിനിയ തുടങ്ങി ഇക്കാലത്തിനിടെ പേര് കേൾക്കാത്തതും കേട്ടതുമായ 13 രാജ്യങ്ങളുടെ പവലിയനുകൾ കണ്ടു. ഒാരോ രാജ്യങ്ങളുടെ വിശേഷങ്ങൾ അറിയാൻ ശ്രമിച്ചതിനൊപ്പം സന്ദർശിച്ച പവലിയനുകളിലെ അതത് രാജ്യക്കാരുമായി സെൽഫിയും തരമാക്കിയാണ് പുറത്തിറങ്ങിയത്. എക്സ്പോ കഴിയും മുമ്പ് 190 രാജ്യങ്ങളിലെ പൗരന്മാരുമൊത്ത് സെൽഫിയെടുത്ത് സൂക്ഷിക്കണമെന്നാണ് ആഗ്രഹം. സന്ദർശനത്തിെൻറ ആദ്യ ദിനത്തിൽ 13 രാജ്യങ്ങളിലെ പൗരന്മാരൊത്തുള്ള സെൽഫിയാണ് കിട്ടിയത്.
ലോകരാജ്യങ്ങളിലെ അനന്തസാധ്യതകൾ മുന്നിൽ അവതരിപ്പിക്കുന്ന ഈ വിശ്വമാമാങ്കം, ലോക രാജ്യങ്ങളൊക്കെ നമ്മുടെ കൈയെത്തിപ്പിടിക്കാവുന്ന അകലത്തിലാണെന്ന സത്യം കണ്ടറിയാനും മലയാളികൾക്ക് പുതിയ മേച്ചിൽപുറങ്ങൾ തേടിയുള്ള യാത്രകൾക്ക് ഉപകരിക്കുമെന്നും കരുതുന്നു. സംഘാടന മികവു പുലർത്തുന്ന എക്സ്പോ നഗരിയിലേക്ക് വരുന്നവർ വാഹനം പാർക്കു ചെയ്യുന്ന സ്ഥലത്തിന് നൽകിയ പേരും പാർക്ക് ചെയ്ത ഇടത്തിലെ നമ്പറും പ്രത്യേകം ഓർക്കണം. അല്ലാത്ത പക്ഷം കിലോമീറ്ററുകൾ നടക്കേണ്ടിവരുമെന്നാണ് അനുഭവം. കൂടുതൽ കാഴ്ചകൾക്കും 'സെൽഫി'കൾക്കുമായി വീണ്ടും വരാനുറച്ചാണ് ആദ്യദിനം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.