ഗാർഹിക തൊഴിൽ വിസ നടപടികൾക്ക് ഏകീകരിച്ച പ്ലാറ്റ്ഫോം
text_fieldsദുബൈ: എമിറേറ്റിലെ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഏകീകരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം പുറത്തിറക്കി. ‘ദുബൈ നൗ’ ആപ്ലിക്കേഷനിലാണ് ഇതിനായുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക തൊഴിലാളികളുടെ വിസ അപേക്ഷ, വിസ പുതുക്കൽ, റസിഡന്റ്സ് പെർമിറ്റ് റദ്ദു ചെയ്യൽ തുടങ്ങിയ മുഴുവൻ നടപടിക്രമങ്ങളും എളുപ്പത്തിലും വേഗത്തിലും ദുബൈ നൗ ആപ്പിലൂടെ പൂർത്തീകരിക്കാമെന്ന് താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. ഇതുവഴി വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും നടപടികൾ പൂർത്തീകരിക്കാൻ എടുത്തിരുന്ന സമയം കുറയുകയും ചെയ്യും.
മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയവും ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) ചേർന്നാണ് ഏകീകരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കിയത്.
ആപ്പിലെ ‘ഗാർഹിക തൊഴിലാളി പാക്കേജ്’ ഉപയോഗിക്കുന്നതിലൂടെ നടപടിക്രമങ്ങളുടെ എണ്ണം നാലിൽനിന്ന് ഒന്നായി കുറയുന്നതിനൊപ്പം ഇത് പൂർത്തിയാക്കാൻ എടുത്തിരുന്ന സമയം 12 മണിക്കൂറിൽനിന്ന് നാലായി കുറയുകയും ചെയ്യും. കൂടാതെ ഇത്തരം സേവനങ്ങൾക്കായി സേവനകേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം എട്ടിൽ നിന്ന് രണ്ടായി ചുരുങ്ങുകയും നടപടികൾക്കായി എടുത്തിരുന്ന സമയം 30 ദിവസങ്ങളിൽനിന്ന് അഞ്ചു ദിവസമായി കുറയുകയും ചെയ്യും. വിസക്കായി നൽകിയിരുന്ന രേഖകളുടെ എണ്ണം 10ൽനിന്ന് നാലായി കുറയും. അതോടൊപ്പം ഇടപാടുകൾക്കായുള്ള ചെലവ് 400 ദിർഹമായി കുറയുകയും ചെയ്തു.
ദുബൈ നൗ ആപ്പിൽ പ്രവേശിച്ച ശേഷം ഗാർഹിക തൊഴിലാളികൾക്കായുള്ള സേവനം തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് ഏകീകരിച്ച അപേക്ഷാഫോറം പൂരിപ്പിച്ച് നൽകണം. തൊഴിൽ കരാറുകൾക്ക് ആപ്പിലൂടെ ഇലക്ട്രോണിക്കായി സമ്മതപത്രം നൽകും. തൊഴിലാളികളുടെ വൈദ്യപരിശോധനക്കുശേഷം ഫലം ആപ്പിലൂടെ ലഭ്യമാക്കും. ശേഷം റെസിഡൻസ് ഐ.ഡി, പെർമിറ്റ് എന്നിവ ആപ്പിലൂടെ നൽകും.
മാനവ വിഭവശേഷി എമിററ്റൈസേഷൻ മന്ത്രാലയത്തിന്റെ വർക്ക് ബണ്ട്ൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഡൊമസ്റ്റിക് വർക്കർ പാക്കേജ് പുറത്തിറക്കിയിരിക്കുന്നത്. വർക്ക് ബണ്ട്ൽ പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ മാർച്ചിലാണ് പ്രഖ്യാപിച്ചത്. പിന്നീട് ഏഴു എമിറേറ്റുകളിലേക്കും വ്യാപിപ്പിച്ചു. രണ്ടാം ഘട്ടം ആറു ലക്ഷം കമ്പനികളിൽ നിന്നായി 70 ലക്ഷം തൊഴിലാളികളെ ഉൾപ്പെടുത്തി വിപുലീകരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.