ദുബൈയിൽ ഏകീകൃത ജനസംഖ്യ രജിസ്ട്രി പുറത്തിറക്കും
text_fieldsഎമിറേറ്റിലെ ജനസംഖ്യാ വിവരങ്ങളുടെ ഏക ഔദ്യോഗിക ഉറവിടമായിരിക്കുമിത്
ദുബൈ: എമിറേറ്റിലെ ജനങ്ങളുടെ സമഗ്രവും കേന്ദ്രീകൃതവുമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഏകീകൃത ജനസംഖ്യ രജിസ്ട്രി ഉടൻ പുറത്തിറക്കും. ബുധനാഴ്ച ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കിയത്.
ദുബൈ ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് കോർപറേഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് ‘യൂനിഫൈഡ് രജിസ്ട്രി ഓഫ് ദ പോപ്പുലേഷൻ ഓഫ് ദി എമിറേറ്റ് ഓഫ് ദുബൈ’ എന്ന് പേരിട്ടിരിക്കുന്ന ഏകീകൃത രജിസ്ട്രി സൃഷ്ടിക്കുക. എമിറേറ്റിലെ ജനസംഖ്യാ വിവരങ്ങളുടെ ഏക ഔദ്യോഗിക ഉറവിടമായിരിക്കുമിത്. സർക്കാറിന്റെ വിവിധ പദ്ധതികൾ, നയങ്ങൾ, തന്ത്രപരമായ തീരുമാനങ്ങൾ എന്നിവ തയാറാക്കുന്നതിന് രജിസ്ട്രിയിലെ വിവരങ്ങൾ ഉപയോഗിക്കും.
സാമ്പത്തികവും സാമൂഹികവുമായ പുതിയ നയങ്ങൾ രൂപപ്പെടുത്താനായി ഭാവിയിലെ ജനസംഖ്യ പ്രവചനങ്ങൾ നടത്താനും സർക്കാറിന്റെ സേവനങ്ങളും വികസന പരിപാടികളും കൂടുതൽ മെച്ചപ്പെടുത്താനും രജിസ്ട്രിയിലെ വിവരങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് രജിസ്ട്രിയിലേക്ക് ആവശ്യമായ ഡാറ്റകളുടെ ശേഖരണം, ഏകോപനം, നിയന്ത്രണം എന്നിവ ദുബൈ ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റായിരിക്കും നിർവഹിക്കുക.
കൂടാതെ രജിസ്ട്രിയുടെ രൂപകൽപന, അപ്ഡേഷൻ, മറ്റ് റെക്കോഡുകളുമായി ബന്ധിപ്പിക്കൽ, ഉപഭോക്തൃ ഗൈഡുകളുടെ നിർമാണം, ദുബൈ സൈബർ സുരക്ഷ സെന്ററുമായി ചേർന്ന് ഡാറ്റകളുടെ സുരക്ഷ ഉറപ്പുവരുത്തൽ എന്നീ ചുമതലകളും ദുബൈ ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റിനായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.