ഫ്രീ സോണുകൾക്ക് ഏകീകൃത നിയമം വരുന്നു
text_fieldsദുബൈ: ഫ്രീ സോണുകളിൽ ഏകീകൃത നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുന്നതായി ദുബൈ സർക്കാർ. മേഖലയിലെ വ്യവസായ സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യം. ദുബൈ മീഡിയ ഓഫിസാണ് ദുബൈയിലെ ഫ്രീ സോണുകൾക്ക് ഏകീകൃത നിയമം ബാധകമാക്കുന്ന കാര്യം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് വ്യക്തമാക്കിയത്. നിക്ഷേപകരുടെ താൽപര്യവും ബിസിനസ് സ്ഥാപനങ്ങളുടെ ആഗോള പ്രവർത്തനക്ഷമതയും വർധിപ്പിക്കാൻ നിയമം സഹായകമാകുമെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ബിസിനസ് ഹബുകളിലൊന്നായി ദുബൈ നഗരത്തെ വളർത്തുന്നതിന് മുന്നോട്ടുവെച്ച ദുബൈ ഇക്കണോമിക് അജണ്ട ഡി 33 ലക്ഷ്യം കൈവരിക്കാൻ ഈ തീരുമാനം സഹായകമാകും.
വിവിധ ബിസിനസ് മേഖലകളെ അടിസ്ഥാനമാക്കി ദുബൈയിൽ മാത്രം ഇരുപത്തിയഞ്ചോളം ഫ്രീ സോണുകൾ പ്രവർത്തിക്കുന്നുണ്ട്. എയർപോർട്ട് ഫ്രീ സോൺ, ജബൽ അലി ഫ്രീ സോൺ, മീഡിയ സിറ്റി, ഇന്റർനെറ്റ് സിറ്റി, ദുബൈ സിലിക്കൺ ഒയാസിസ് തുടങ്ങിയവ ഇതിൽ ചിലതാണ്. ഓരോ ഫ്രീ സോണിനും വ്യത്യസ്തമായ നിയമവ്യവസ്ഥകളാണ് നിലവിലുള്ളത്. ഇവ ഏകീകരിക്കാനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്. നൂറുകണക്കിന് സ്ഥാപനങ്ങളാണ് ഓരോ ഫ്രീ സോണിലും പ്രവർത്തിക്കുന്നത്. യു.എ.ഇയിലാകെ നിലവിൽ നാൽപതോളം ഫ്രീ സോണുകൾ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.