പ്ലാസ്റ്റിക് ബോട്ടിലുകളിൽനിന്ന് തൊഴിലാളികൾക്ക് യൂനിഫോം
text_fieldsദുബൈ: നൂതന പദ്ധതികളിലൂടെ ലോകത്ത് അതിശയങ്ങൾ തീർത്ത ദുബൈ, പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിക്കുന്ന വ്യത്യസ്ത പരിസ്ഥിതിസൗഹൃദ പദ്ധതിയുമായി രംഗത്ത്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിച്ച് നഗരത്തിലെ മുനിസിപ്പാലിറ്റി തൊഴിലാളികൾക്ക് യൂനിഫോം നിർമിക്കുന്ന പദ്ധതിയാണ് ദുബൈ മുനിസിപ്പാലിറ്റി വികസിപ്പിച്ചിട്ടുള്ളത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മെഷീനുകളും കണ്ടെയ്നറുകളും വഴിയാണ് ബോട്ടിലുകൾ ശേഖരിക്കുക. വെള്ളം, ശീതളപാനീയങ്ങൾ, ജ്യൂസുകൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയുടെ പാക്കേജിങ്ങിൽ വ്യാപകമായി ഉപയോഗിക്കുന്ന പി.ഇ.ടി പ്ലാസ്റ്റിക്കാണ് ശേഖരിക്കുക. ‘ഡിഗ്രേഡ്’ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ പ്ലാസ്റ്റിക് മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ യൂനിഫോമായി മാറ്റിയെടുക്കുന്നത്.
100 ശതമാനം പുനരുപയോഗപ്രദമായ പ്ലാസ്റ്റിക് ഉപയോഗിച്ച് നൂൽ രൂപപ്പെടുത്തുകയും അത് യൂനിഫോം നിർമാണത്തിന് ഉപയോഗിക്കുന്നതുമാണ് രീതി. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നതെന്നും തൊഴിലാളികൾക്ക് മികച്ച ഉൽപന്നങ്ങൾ നൽകുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയെയും ഇത് അടിവരയിടുന്നതായി പത്രക്കുറിപ്പിൽ അധികൃതർ വ്യക്തമാക്കി.
ബോട്ടിലുകൾ ശേഖരിക്കുന്നതിനായി മെഷീനുകൾ മുനിസിപ്പാലിറ്റി രൂപകൽപന ചെയ്ത് സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ദുബൈ ഫ്രെയിം, ദുബൈ സഫാരി പാർക്ക്, ദുബൈ മുനിസിപ്പാലിറ്റി ആസ്ഥാനം, അൽ മനാറയിലെ ഡി.എം കസ്റ്റമർ സെന്റർ തുടങ്ങിയ പൊതു സ്ഥലങ്ങളിലാണ് നാല് സ്മാർട്ട് പ്ലാസ്റ്റിക് ശേഖരണ ഉപകരണങ്ങൾ സ്ഥാപിച്ചത്.
ഉപയോഗശേഷം ഈ മെഷീനിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കാം. ഇതിന് പുറമെ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്പോർട്സ് ഏജൻസികൾ, ബീച്ചുകൾ എന്നിവയുൾപ്പെടെ 100 സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ശേഖരണ കണ്ടെയ്നറുകൾ സ്ഥാപിക്കുന്ന നടപടിയും ആരംഭിച്ചു. ഇവയിലൂടെ 30 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.
ബോട്ടിലുകൾ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നത് വഴി മലിനീകരണം കുറക്കുകയും പുനരുപയോഗ സംസ്കാരം പ്രോത്സാഹിപ്പിക്കുകയുമാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.
സംരംഭം മാലിന്യം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ കുറക്കുന്നതിനും ഹരിത വൃത്താകൃതിയിലുള്ള സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയെ കുറിക്കുന്നതാണെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. യു.എ.ഇയുടെ സുസ്ഥിര വർഷാചരണത്തിന്റെയും നെറ്റ് സീറോ-2050 സംരംഭത്തിന്റെയും ലക്ഷ്യങ്ങൾക്കും, ദുബൈ ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്മെന്റ് സ്ട്രാറ്റജിയിൽ വ്യക്തമാക്കിയ ലക്ഷ്യങ്ങൾക്കും അനുസരിച്ചാണെന്ന് അൽ ഹജ്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.