കേന്ദ്ര ബജറ്റ്; അവഗണനക്കെതിരെ പ്രതിഷേധം
text_fieldsകേന്ദ്രസർക്കാറിന്റെ ബജറ്റിൽ പ്രവാസികളെ സമ്പൂർണമായി ഒഴിവാക്കിയതിനെതിരെ പ്രതിഷേധം തുടരുന്നു. ഇന്ത്യൻ സമ്പദ് ഘടനയുടെ നട്ടെല്ലാണെന്ന് പറയുമ്പോഴും പ്രവാസികളെ മുഖവിലക്കെടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു
നിരന്തരമായ അവഗണന -പ്രവാസി ഇന്ത്യ
ബജറ്റിൽ പ്രവാസികളെ തീർത്തും അവഗണിച്ചതായി പ്രവാസി ഇന്ത്യ യു.എ.ഇ ജനറൽ സെക്രട്ടറി അരുൺ സുന്ദർരാജ് അഭിപ്രായപ്പെട്ടു. പ്രവാസികളെപ്പറ്റി ഒരു പരാമർശം പോലും നടത്താതെയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. അഞ്ചു കോടി പ്രവാസി വനിതകൾക്കായി നീക്കി വച്ചതൊഴിച്ചാൽ, പ്രവാസികളെ പറ്റെ അവഗണിച്ച ബജറ്റാണിത്. പ്രവാസികളുടെ ഉന്നമനത്തിനായി ഒരു പദ്ധതികളും ഉൾപ്പെടുത്താത്തത് ഈ സർക്കാരിന്‍റെ പ്രവാസികളോടുള്ള നിരുത്തരവാദപരമായ നീക്കമായെ കാണാൻ കഴിയൂ.
2022ൽ പ്രവാസികൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി 100 ശതകോടി ഡോളർ ഇന്ത്യയിലേയ്ക്കയച്ചു എന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ പ്രവാസി ദിവസിൽ പറഞ്ഞു. കോവിഡിന് ശേഷമുള്ള പ്രതിസന്ധിക്കിടയിലും ഒരു വർഷത്തിനിടെ 12 ശതമാനം വർധനവ് പ്രവാസി പണവരവിലുണ്ടായി എന്നാണ് ധനകാര്യ മന്ത്രി വ്യക്തമാക്കിയത്. രാജ്യ പുരോഗതിയിൽ ഇത്ര ഭീമമായ പങ്കുവഹിക്കുന്ന പ്രവാസികൾക്ക് ബജറ്റിൽ എന്താണ് നൽകിയത് എന്ന ചോദ്യം ഉയരണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസി പ്രശ്നങ്ങൾക്ക് പരിഹാരമില്ല -ഇൻകാസ്
പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി. പ്രവാസികൾ നേരിടുന്ന യാത്ര ക്ലേശവും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവാസികളോട് ചെയ്യുന്ന അനീതിയും അംഗീകരിക്കാൻ കഴിയില്ല. അനീതിക്കെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും അവർ അറിയിച്ചു. നസീർ മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗീവർഗീസ് പണിക്കർ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് വർക്കിങ് പ്രസിഡന്‍റ് റഫീഖ് മാനം കണ്ടെത്ത്, ട്രഷർ അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ് മുന്നൊരുക്ക നാടകം -എൻ.കെ. കുഞ്ഞഹമ്മദ്
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഗിമ്മിക്കുകൾ മാത്രമായി കേന്ദ്ര ബജറ്റ് അവതരണം മാറിയതായി ലോക കേരളസഭാംഗം എൻ.കെ. കുഞ്ഞഹമ്മദ്. ഇന്ത്യയിലെ സാധാരക്കാരായ മനുഷ്യരെ നേരിട്ടു ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ നിരവധി കാര്യങ്ങൾ അനുദിനം വർധിക്കുകയാണ്.
അക്കാര്യങ്ങളിലൊന്നും വേണ്ട ശ്രദ്ധ കൊടുക്കാത്ത ഈ ബജറ്റിനെ അമൃതകാല ബജറ്റെന്ന് വിളിക്കുന്നത് വിരോധാഭാസമാണ്. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും അവരുടെ ഏറ്റവും ന്യായമായ ആവശ്യങ്ങളും സംബന്ധിച്ച്, യു.എ.ഇ സന്ദർശനം നടത്തിയ വി. മുരളീധരൻ അടക്കമുള്ള ഭരണ പ്രതിനിധികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതാണ്. അവ പരിഗണിക്കുമെന്നും പരിഹരിക്കുമെന്നും ഉറപ്പു നൽകിയിരുന്നു. എന്നാൽ, ബജറ്റിൽ അതിലൊന്നു പോലും പരിഗണിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളും ഇന്ത്യൻ പൗരൻമാർ -ജെ.സി.സി
കേന്ദ്ര ബജറ്റിൽ പ്രവാസികൾക്കായി ഒരു രൂപ പോലും നീക്കിവെക്കാത്തത് പത്ത് കോടിയിൽ പരം വരുന്ന പ്രവാസികളോടുള്ള അവഗണനയാണെന്ന് ജനത കൾച്ചറൽ സെൻറർ (ജെ.സി.സി) ഓവർസീസ് കമ്മിറ്റി ആരോപിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിലും പത്ത് ലക്ഷം കോടിയിൽ പരം രൂപ പ്രവാസി നിക്ഷേപം ഈ വർഷം രാജ്യത്തെത്തിച്ച പ്രവാസികൾ ഇന്ത്യാക്കാരാണെന്ന് കേന്ദ്ര സർക്കാർ മറക്കരുത്. നാളിതുവരെ മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ പ്രവാസികളെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ധനമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ പ്രവാസി ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കണമെന്നും പ്രസിഡന്‍റ് പി.ജി. രാജേന്ദ്രൻ, ജനറൽ സെകട്ടറി നജീബ് കടലാഴി, അനിൽ കൊയിലാണ്ടി എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.