പ്രവാസികളോട് മുഖം തിരിച്ച് കേന്ദ്ര ബജറ്റ്
text_fieldsദുബൈ: രണ്ടാം മോദി സർക്കാറിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കവേ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ് പ്രവാസികൾക്ക് സമ്മാനിച്ചത് നിരാശ മാത്രം. റെയിൽവേ, ടൂറിസം മേഖലയുടെ വികസനത്തിന് വൻ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും പ്രവാസികളുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന സമീപനം തുടരുകയാണ്. പ്രവാസികൾക്ക് കാര്യമായ പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. അമിത വിമാനയാത്ര നിരക്ക്, നാട്ടിലെത്തുന്ന പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതികൾ, പ്രവാസികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ് എന്നിവയിലൊന്നും കാര്യമായ ഫണ്ട് നീക്കിവെക്കാതെയാണ് ബജറ്റ് പ്രഖ്യാപനം നടന്നത്.
അതേസമയം, ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ കഴിഞ്ഞ വർഷം മാത്രം 12,500 കോടി ഡോളറാണ് പ്രവാസികൾ സംഭാവന ചെയ്തത്. അമേരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതൽ പ്രവാസി പണം എത്തിയത്. ഇന്ത്യയിലേക്ക് വന്ന പണത്തിന്റെ 36 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിൽ നിന്നാണ്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നാണ് പിന്നീട് കൂടുതൽ പ്രവാസി പണം വരുന്നത്. 18 ശതമാനം വരും ആറ് ജി.സി.സി രാജ്യങ്ങളിൽനിന്ന് വരുന്ന പ്രവാസി പണമെന്നാണ് ലോക ബാങ്ക് റിപ്പോർട്ട്. എന്നാൽ, രാജ്യത്തിന് പുറത്ത് ജോലി ചെയ്ത് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിലുള്ള ക്ഷേമപദ്ധതികൾ കുടിയേറ്റ നിയമം പോലും വിഭാവനം ചെയ്യുന്നില്ല.
പ്രവാസി ക്ഷേമത്തിന് കേന്ദ്രം നേരിട്ട് സമാഹരിച്ച പണത്തെ കുറിച്ച് കൃത്യമായ വിശദീകരണവും നൽകിയിട്ടില്ല. വിദേശരാജ്യങ്ങളിൽ തൊഴിലെടുത്ത് ജീവിക്കുന്ന രണ്ടരക്കോടി ഇന്ത്യക്കാരുണ്ടെന്നാണ് പ്രവാസികാര്യ വകുപ്പിന്റെ കണക്ക്. അവിദഗ്ധ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവരാണ് ഇതിൽ ഭൂരിഭാഗവും. ഇവർക്ക് മികച്ച ജോലിസാധ്യത തേടുന്നതിന് പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടി ബജറ്റിൽ ഉണ്ടായിട്ടില്ല. പ്രത്യക്ഷ-പരോക്ഷ നികുതികളിൽ കാര്യമായ മാറ്റം വരുത്താത്തത് സ്വർണം ഇറക്കുമതിയിലും പ്രതിഫലിക്കുമെന്നാണ് വ്യവസായ പ്രമുഖരുടെ വിലയിരുത്തൽ.
"ഇതൊരു ഇടക്കാല ബജറ്റായതിനാൽ വലിയ പ്രഖ്യാപനങ്ങളോ സംരംഭങ്ങളോ ആരും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ഗതാഗതത്തിനും കണക്റ്റിവിറ്റിക്കും പ്രത്യേകിച്ച് റെയിൽവേ, വ്യോമയാന മേഖലകളിൽ വലിയ ഊന്നൽ നൽകുന്നതാണ് ബജറ്റെന്നത് ശ്രദ്ധേയമാണ്. റീട്ടെയിൽ മേഖലയിൽ സജീവമായി ഇടപെടുന്നയാളെന്ന നിലയിൽ ലോജിസ്റ്റിക്സ്, സോഴ്സിങ്, ഷോപ്പിങ് എന്നിവ പോലുള്ള വിവിധ അനുബന്ധമേഖലകളിൽ ഇത് ചെലുത്തുന്ന നല്ല സ്വാധീനത്തെക്കുറിച്ച് എനിക്ക് വളരെ ശുഭാപ്തിവിശ്വാസമുണ്ട്. രാജ്യത്ത് അഞ്ച് സംയോജിത അക്വാപാർക്കുകൾ സ്ഥാപിക്കാനുള്ള ബജറ്റ് നിർദേശം രാജ്യത്തുടനീളം മത്സ്യത്തൊഴിലാളി സമൂഹത്തിന് തീർച്ചയായും പ്രയോജനം ചെയ്യും. ഇതുകൂടാതെ, ദാരിദ്ര്യനിർമാർജനം, കാർഷികരംഗം, സ്ത്രീശാക്തീകരണം എന്നിവക്ക് ബജറ്റ് കൂടുതൽ ഊന്നൽ നൽകുന്നു. ഇത് വരും വർഷങ്ങളിൽ ഇന്ത്യയെ ആഗോള സാമ്പത്തിക സൂപ്പർ പവർ ആകാൻ സഹായിക്കും" -എം.എ. യൂസുഫലി (ലുലു ഗ്രൂപ് ചെയർമാൻ)
"ഇടക്കാല കേന്ദ്ര ബജറ്റ് ദരിദ്രര്‍, കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്കി ബഹുജന ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നതാണ്. 50 വര്‍ഷത്തെ പലിശരഹിത വായ്പകള്‍ക്കായി ഒരു ലക്ഷം കോടി രൂപ അനുവദിച്ചതിലൂടെ ഇന്ത്യയില്‍ അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംസ്കാരത്തെ അത് പ്രോത്സാഹിപ്പിക്കും. ഹെല്‍ത്ത് കെയറില്‍, ജി.ഡി.പി വിഹിതം കുറഞ്ഞത് അഞ്ചു ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയ സര്‍ക്കാറിന് കീഴില്‍ ഈ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിക്കുന്ന സമ്പൂര്‍ണ ബജറ്റില്‍ ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് രാജ്യത്തെ എല്ലാ ജില്ലകളിലും കൂടുതല്‍ ആശുപത്രികള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം"-ഡോ. ആസാദ് മൂപ്പൻ (ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപകൻ, ചെയര്മാൻ)
"അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല കേന്ദ്ര ബജറ്റിൽ സ്വർണ ഇറക്കുമതി നികുതിയിൽ ഇളവ് വരുത്തുമെന്നാണ് പ്രതീക്ഷ. ബജറ്റിൽ സുപ്രധാനമായ നിബന്ധനകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടിസ്ഥാന സൗകര്യ വികസനരംഗത്ത് സ്വാഗതാർഹമായ ചില പ്രഖ്യാപനങ്ങളുണ്ട്. വ്യോമ, റെയിൽ ഗതാഗത മേഖലയുടെ വികസനത്തിന് വലിയ തോതിലുള്ള ഫണ്ടാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ഇത് നടപ്പാക്കുന്നത് വഴി വ്യാപാര, ടൂറിസം രംഗത്തെ ബന്ധങ്ങൾക്ക് കൂടുതൽ കരുത്തുപകരും. ദരിദ്ര ജനവിഭാഗങ്ങൾക്കായുള്ള നിർദിഷ്ട ഭവനപദ്ധതി മലബാർ ഗ്രൂപ്പിന്റെ ഇ.എസ്.ജി സംരംഭവുമായി ചേർന്നു നിൽക്കുന്ന ഏറ്റവും മികച്ച സംരംഭമാണ് " -ഷംലാൽ അഹമ്മദ് (മലബാൾ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.