യൂനിയന്‍ ഹൗസ് ഒരു ചരിത്ര നിമിഷം
text_fieldsലോക ചരിത്രത്തില്‍ തന്നെ സുപ്രധാന കാൽവെപ്പായിരുന്നു യു.എ.ഇയുടെ രൂപീകരണം. രാജ്യം സുവർണ ജൂബിലിയും കടന്ന് കുതിക്കുമ്പോൾ ദുബൈയിലെ യൂനിയന്‍ ഹൗസിന് അഞ്ച് പതിറ്റാണ്ടിലധികം കാലത്തെ പൈതൃക സ്മരണകളാണ് പറയാനുള്ളത്. ഐക്യ അറബ് എമിറേറ്റ് എന്ന രാഷ്ട്രത്തിന്റെ ശിലാസ്ഥാപനവും ഔദ്യോഗിക ചടങ്ങുകളും ഫെഡറേഷനായ ശേഷം ആദ്യ ഭരണാധികാരി അധികാരമേറ്റതിന്റെയുമടക്കം ഹൃദ്യമായ ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന ഇടമാണ് യൂനിയൻ ഹൗസ്. സത്വക്കടുത്ത് ജുമൈറ റോഡില്‍ കടലോരത്താണ് ഈ ചരിത്ര മന്ദിരം നിലകൊള്ളുന്നത്.
യു.എ.ഇ ഭരണഘടന ഒപ്പുവെച്ച ചരിത്ര മുഹൂര്‍ത്തത്തിനും സാക്ഷ്യം വഹിച്ചത് ഈ കടലോരമായിരുന്നു. പിന്നീട് പലതവണ ഐക്യ എമിരേറ്റുകളുടെ സംഘടിത സംഗമങ്ങള്‍ക്ക് ഈ മണ്ണ് വേദിയായി. ഒരു വര്‍ഷത്തിന് ശേഷം ഏഴാമത്തെ എമിറേറ്റ്സായി റാസല്‍ഖൈമ കൂടി യു.എ.ഇയുടെ ഭാഗമാക്കുന്ന പ്രഖ്യാപനം നടന്നതും ഇവിടെത്തന്നെ. 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അബ്ദുല്ല മുഹമ്മദ് അല്‍ മൈന എന്ന ഇമറാത്തി യുവാവ് രൂപകല്‍പ്പന ചെയ്ത പച്ചയും വെള്ളയും കറുപ്പും ചുവപ്പും ചേര്‍ന്ന ദേശീയ പതാക ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് ആദ്യമായി വാനിലേക്ക് ഉയര്‍ത്തിയതും ഇവിടെ വെച്ച് തന്നെ.
കടലിനോടു ചേര്‍ന്ന് നിലനിന്നിരുന്ന പഴയകാല കെട്ടിടം ‘ഖസറുല്‍ ദിയാഫ’ എന്ന് പേരുള്ള അഥിതി മന്ദിരമായിട്ടായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. 1965ലാണിത് നിര്‍മ്മിച്ചത്. പിന്നീട് കാലപ്പഴക്കത്താല്‍ പ്രധാന ഹാള്‍ ഒഴികെ ബാക്കിയെല്ലാം പൊളിച്ചുമാറ്റി. വൃത്താകൃതിയിലുള്ള ഹാളിനകത്താണ് ചരിത്ര രേഖകളും വസ്തുക്കളും പ്രദര്‍ശനത്തിന് അടുത്ത കാലം വരെ സൂക്ഷിച്ചിരുന്നത്.
ലോകത്തിന്റെ നെറുകയില്‍ നില്ക്കുന്ന യു.എ.ഇയുടെ പ്രഥമ ചരിത്ര-വിനോദ കേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന ഇവിടം ചെറിയൊരു പൈതൃക മന്ദിരവും യു.എ.ഇ പതാകയേന്തിയ കൊടിമരവുമാണ് നേരത്തെ ഉണ്ടായിരുന്നത്. പിന്നീട് യൂനിയൻ ഹൗസിനോട് ചേര്‍ന്ന് നിർമിച്ച ‘ഇത്തിഹാദ് മ്യുസിയം’ 2016ൽ 45ാം ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് തുറന്നുനൽകി.
ലോകോത്തര ഹോട്ടലുകളും താമസ കെട്ടിടങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് ദുബൈയില്‍ എത്തിയിരുന്ന ലോകനേതാക്കൾക്കും പ്രധാനമന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും താമസമൊരുക്കിയത് യൂനിയൻ ഹൗസിനോട് ചേര്‍ന്ന കടലോര അഥിതി മന്ദിരത്തിലായിരുന്നു. 95വരെ യു.എ.ഇ പ്രധാനമന്ത്രിയുടെ ഒദ്യോഗിക ഓഫീസായും യൂനിയൻഹൗസ് പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ചാള്‍സ് രാജകുമാരന്, മാർഗരറ്റ് താച്ചർ, യാസർ അറഫാത്ത് തുടങ്ങിയ ലോക നേതാക്കള്‍ യു.എ.ഇ സന്ദര്‍ശിച്ചപ്പോഴെല്ലാം ഗസ്റ്റ് ഹൌസില്‍ വെച്ചായിരുന്നു സുപ്രധാന കൂടിക്കാഴ്ചകള്‍ നടന്നത്. 40 മീറ്റര്‍ നീളവും 20മീറ്റര്‍ നീളവുമുള്ള രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയ പതാക 123 മീറ്റര്‍ ഉയരത്തില്‍ പാറിപറക്കുന്നതും ഇവിടെയാണ്.
പൈതൃകങ്ങളുടെ കലവറ
ഇത്തിഹാദ് മ്യൂസിയം യൂനിയൻ ഹൗസിനോട് ചേർന്ന് വന്നതോടെ ഫെഡറേഷന്റെ മൂല്യവും ആശയവും പൗരന്മാര്ക്കും വരും തലമുറകള്‍ക്കും ബോധ്യപ്പെടാന്‍ അവസരമൊരുങ്ങി. ഒട്ടനവധി പുരാണങ്ങള്‍ ഉറങ്ങുന്ന മണ്ണില്‍ മറ്റൊരു ചരിത്ര വിസ്മയമായ മ്യൂസിയം സന്ദര്‍ശകര്‍ക്ക് പുതിയൊരു അനുഭവമാണ് നൽകുന്നത്. ഇവിടുത്തെ കയ്യെഴുത്തുപ്രതി ആകൃതിയിൽ രൂപകല്പന ചെയ്ത പവലിയനാണ് പ്രധാന ആകര്‍ഷണം.
മുമ്പുണ്ടായിരുന്ന വൃത്താകൃതിയിലുള്ള യൂനിയൻ ഹൗസ് കെട്ടിടം ചില അറ്റകുറ്റ പണികള്‍ നടത്തി അതേ പോലെ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിനു മുന്‍ വശത്തായി പ്രധാന കവാടത്തോട് ചേര്‍ന്ന് സീകരണ മുറിയും ലോഞ്ചും അഡ്മിനും അനുബന്ധ സൗകര്യങ്ങളുമുണ്ട്. നേരത്തെ ഉണ്ടായിരുന്ന മജ്ലിസും അഥിതി മന്ദിരവും ഭക്ഷണ ഹാളും കോണ്‍ഫറന്‍സ് റൂമും അഡ്മിന് ഓഫീസുകളും പ്രവര്‍ത്തിക്കാനായി വിപുലമായ മറ്റൊരു കെട്ടിടവും പണിതു.
രാജ്യത്തെ കുറിച്ച വിവരണങ്ങള്‍ എട്ട് ഘട്ടങ്ങളിലൂടെയാണ് മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്ക് അനുഭവിച്ചെടുക്കാനാവുക. പവലിയന് സമുച്ചയത്തിലേക്കുള്ള ആകർഷകമായ പ്രധാന കവാടം തന്നെയാണ് ആദ്യഘട്ടം. ഗള്‍ഫ് മേഖലയുടെ ജീവിതവും ഫെഡറേഷനാകുന്നതിന് മുമ്പുള്ള മരുഭൂ, തീര, പര്‍വത പ്രദേശങ്ങളിലെ ജന ജീവിത രീതികളും പ്രതിപാദിക്കുന്നതാണ് മ്യൂസിയത്തിലെ രണ്ടാമത്തെ വിവരണങ്ങള്‍.
എമിറേറ്റുകള്‍ ഐക്യപ്പെടുന്ന കാലയളവിലെ പ്രാദേശിക-മേഖലാ-അന്താരാഷ്ട്ര സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതുമാണ് മൂന്നാം ഭാഗം. രാഷ്ട്ര സ്ഥാപകരായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആൽ നഹ്യാന്, ശൈഖ് റാശിദ് ബിന്‍ സഈദ് ആല് മക്തൂം എന്നിവര്‍ രാജ്യം കെട്ടിപ്പടുക്കാനെടുത്ത പങ്കും പ്രയത്നങ്ങളും വിവരിക്കുന്നതാണ് നാലും അഞ്ചും ഭാഗങ്ങൾ.
ആറും ഏഴും ഭാഗങ്ങള്‍ യൂനിയന്റെ വിശദാംശങ്ങളിലേക്ക് ആഴത്തില്‍ സഞ്ചരിക്കുന്നതും ഏകീകൃത രാഷ്ട്രമായി വികസിച്ചു വന്നതിന്റെ ആദ്യ ഘട്ടങ്ങള്‍ വിശദീകരിക്കുന്നതുമാണ്. രാജ്യത്തിന്റെ ഭരണഘടനയിലേക്ക് എത്തിനോക്കുന്നതും ഉദ്ഭവ കാലഘട്ടം മുതല്‍ രാജ്യം കൈരിച്ച നേട്ടങ്ങളുടെ വിവരങ്ങളും പ്രതിപാദിക്കുന്നുണ്ട് . ചരിത്ര വിവരണങ്ങളും മുന്‍ തലമുറ നിര്‍മിച്ച കരകൗശല വസ്തുക്കളും സംരക്ഷിക്കുന്നതോടൊപ്പം ഗവേഷണത്തിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. യു.എ.ഇ.യില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കും വിദേശ താമസക്കാര്‍ക്കും വിദ്യാർഥികള്‍ക്കും ഉപയോഗിക്കാവുന്നതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.