റൂമിയെ അടുത്തറിയാൻ അപൂർവ പ്രദർശനം
text_fieldsഷാർജ: വിഖ്യാത സൂഫി കവി ജലാലുദ്ദീൻ റൂമിയെക്കുറിച്ചുള്ള അപൂർവ പ്രദർശനത്തിന് ഷാർജയിൽ തുടക്കമായി. റൂമിയുടെ ചിന്തകൾക്കും രചനകൾക്കും സാക്ഷ്യം വഹിച്ച തുർക്കിയയിലെ കുനിയ നഗരത്തിലെ മ്യൂസിയത്തിൽ നിന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ശേഖരങ്ങൾ ഷാർജയിൽ എത്തിച്ചത്.
ഷാർജ ഹൗസ് ഓഫ് വിസ്ഡത്തിലാണ് ജലാലൂദ്ദീൻ റൂമിയെക്കുറിച്ച ഈ അപൂർവ പ്രദർശനം നടക്കുന്നത്. ‘റൂമി: അസാന്നിധ്യത്തിന്റെ 750 വർഷങ്ങൾ, സാന്നിധ്യത്തിന്റെ എട്ട് നൂറ്റാണ്ടുകൾ’ എന്നാണ് പ്രദർശനത്തിന്റെ പേര്. പ്രദർശനത്തിനായി ജലാലുദ്ദീൻ റൂമി ഉപയോഗിച്ചിരുന്ന 750 വർഷത്തിലേറെ പഴക്കമുള്ള ഖിർക്ക എന്ന വസ്ത്രം ഷാർജയിലെത്തിച്ചിട്ടുണ്ട്. സൂഫികൾ ദൈവികസ്മരണയിൽ ധ്യാനനിമഗ്ധരാകുമ്പോൾ അണിഞ്ഞിരുന്ന വസ്ത്രമാണിത്. റൂമിയുടെ വിഖ്യാത രചനയായ മസ്നവിയുടെ കൈയെഴുത്തു പ്രതികൾ മുതലുള്ള വിവിധ പതിപ്പുകളും പ്രദർശനത്തിലെ ആകർഷണങ്ങളാണ്.
അഫ്ഗാനിസ്താനിലെ ബാൾക്കിൽ തുടങ്ങി നിഷാപൂർ, ബഗ്ദാദ്, മക്ക, സിറിയ വഴി തുർക്കിയയിലെ കുനിയ വരെയുള്ള റൂമിയുടെ ജീവിത യാത്രയെ അടയാളപ്പെടുത്തുന്നുണ്ട് ഈ പ്രദർശനം. റൂമിയുടെ സമകാലീനരുടെ രചനകൾ, പലതരം ഖുർആൻ പതിപ്പുകൾ എന്നിവക്ക് പുറമെ സൂഫി സംഗീതത്തിന് ഉപയോഗിച്ചുവന്ന ഉപകരണങ്ങൾ വരെ പ്രദർശനത്തിലുണ്ട്. ഫെബ്രുവരി 14 വരെ ഷാർജ ഹൗസ് ഓഫ് വിസ്ഡത്തിൽ പ്രദർശനം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.