ലൈസൻസില്ല: നാല് റിക്രൂട്ടിങ് സ്ഥാപനങ്ങൾ പൂട്ടിച്ചു
text_fieldsദുബൈ: യു.എ.ഇയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്ന വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന നാലു സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. അൽ ഐൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം നടപടിയെടുത്തത്. സ്ഥാപനങ്ങളുടെ വാതിലുകളിൽ അടച്ചുപൂട്ടൽ മുദ്ര പതിച്ച ഉദ്യോഗസ്ഥർ ഉടമകൾക്ക് 50,000 ദിർഹം വീതം പിഴയും ചുമത്തി.
നിയമ നടപടികൾക്കായി ഈ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. നിയമവിരുദ്ധമായി പ്രവർത്തിച്ച ഈ സ്ഥാപനങ്ങൾ വീട്ടുജോലിക്കാരായി നിയമിച്ച തൊഴിലാളികൾക്ക് താൽക്കാലിക താമസമാണ് അനുവദിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഈ തൊഴിലാളികളെ തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മറ്റ് റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും. റിക്രൂട്ടിങ് ഏജൻസികളിലെ നിയമവിരുദ്ധ നടപടികൾ കണ്ടെത്താൻ മൂന്നാഴ്ച മുമ്പ് തൊഴിൽ മന്ത്രാലയം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെ പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.
ഈ പരിശോധനയിൽ നാലു സ്ഥാപനങ്ങളും വിവിധ തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നിയമനടപടികൾ സ്വീകരിച്ചത്. ഒരു വർഷത്തിനിടെ രാജ്യത്ത് നിയമപരമല്ലാതെ പ്രവർത്തിച്ച 45 തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തതായും മന്ത്രാലയം അറിയിച്ചു.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ഇടപെടുന്നതിനെതിരെ മുന്നറിയിപ്പു നൽകിയ മന്ത്രാലയം, ഇത്തരം സംഭവങ്ങൾ 600590000 നമ്പറിൽ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.