അസ്ഥിര കാലാവസ്ഥ: ഹത്ത മലനിരകളിൽ അപകടങ്ങളില്ല
text_fieldsദുബൈ: അപ്രതീക്ഷിതമായ കാലാവസ്ഥ മാറ്റത്തിനിടയിൽ ദുബൈയിലെ മലനിരകളിലും താഴ്വാരങ്ങളിലും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹത്ത പൊലീസ്. ദുബൈ മുനിസിപ്പാലിറ്റി, ആർ.ടി.എ, സിവിൽ ഡിഫൻസ്, ആംബുലൻസ് സർവിസ് എന്നിവയുമായി ചേർന്ന് ഹത്ത പൊലീസ് ഒരുക്കിയ സുരക്ഷ നടപടികളാണ് അപകടങ്ങൾ ഒഴിവാക്കാൻ സഹായകരമായത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് സേനയെ വിന്യസിച്ചിരുന്നത്. ഹത്ത അണക്കെട്ടിന് സമീപം പട്രോൾ സംഘത്തിന്‍റെ എണ്ണം വർധിപ്പിച്ചിരുന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര സഹായ സേവനവും ഒരുക്കി. അസ്ഥിര കാലാവസ്ഥയുടെ സമയത്ത് സന്ദർശകർ സ്വീകരിക്കേണ്ട മുൻകരുതലിനെ കുറിച്ച് പൊലീസ് കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നു. ആളുകൾ ഒറ്റപ്പെടാൻ സാധ്യതയുള്ള മലനിരകളിലേക്കും താഴ്വാരങ്ങളിലേക്കും പോകരുതെന്നും നിർദേശം നൽകിയിരുന്നു. വരും ദിവസങ്ങളിൽ അപകടങ്ങളിൽ റിപ്പോർട്ട് ചെയ്താൽ 999 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് കേണൽ മുബാറഖ് അൽ കെത്ബി അറിയിച്ചു. അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്ക് 901 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ദുബൈ പൊലീസിന് ലഭിച്ചത് 41,000 ഫോൺ കാൾ
ദുബൈ: കനത്ത മഴപെയ്ത കഴിഞ്ഞ ദിവസങ്ങളിൽ ദുബൈ പൊലീസിന് ലഭിച്ചത് 41,211 ഫോൺ വിളികൾ. ഇതിൽ 37,945 വിളികളും എത്തിയത് എമർജൻസി ഹോട്ലൈൻ നമ്പറായ 999ലേക്ക് ആയിരുന്നു. 3276 ഫോൺവിളികൾ പൊലീസിന്റെ കോൾസെന്ററിലാണ് എത്തിയത്.
എല്ലാ ഫോൺ വിളികൾക്കും മറുപടി നൽകാനും നടപടിയെടുക്കാനുമുള്ള തയാറെടുപ്പുകൾ പൊലീസ് പൂർത്തിയാക്കിയിരുന്നു. 24 മണിക്കൂറും പ്രവർത്തനസജ്ജമായിരുന്നു കോൾ സെന്ററുകൾ. റോഡുകളിൽ ഇറങ്ങുന്നവർക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളെ കുറിച്ച് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കൃത്യമായ അറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നു. അപകടങ്ങൾ കുറക്കാൻ ഇത് ഉപകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.