മഴ, മിന്നൽ, ആലിപ്പഴവർഷം...
text_fieldsദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച ശക്തമായ മഴയും ആലിപ്പഴവർഷവുമുണ്ടായി. ഏറ്റവും ശക്തമായ മഴ ലഭിച്ചത് അബൂദബി എമിറേറ്റിലാണ്. ദുബൈ, ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലും താരതമ്യേന ശക്തമായ മഴ തന്നെയാണ് ലഭിച്ചത്. മറ്റ് എമിറേറ്റുകളിലും ഭേദപ്പെട്ട മഴ കിട്ടി. അബൂദബിയിലെ മദീനത്ത് അൽ റിയാദിലും ഷാർജയിലെ ഖതായിലുമാണ് ശക്തമായ ആലിപ്പഴവർഷമുണ്ടായത്. മദീനത്ത് റിയാദിൽ മരുഭൂമിയിൽ ആലിപ്പഴം വീണുകിടക്കുന്ന വിഡിയോ ചിത്രങ്ങൾ അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
മഴയെ തുടർന്ന് ദുബൈ ഗ്ലോബൽ വില്ലേജ് ബുധനാഴ്ച രാത്രി എട്ടു മണിയോടെ അടച്ചു. രാത്രി നടക്കേണ്ടിയിരുന്ന സംഗീതപരിപാടിയും റദ്ദാക്കി. റാസല്‍ഖൈമയില്‍ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ പെയ്ത മഴ രാത്രിയിലും തുടരുകയാണ്. അസ്ഥിര കാലാവസ്ഥ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഴക്കൊപ്പം ഇടിയും മിന്നലും ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ എടുക്കണമെന്ന് റാക് പൊലീസ് മേധാവിയും എമര്‍ജന്‍സി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് ടീം തലവനുമായ മേജര്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി ആവശ്യപ്പെട്ടു. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ എമിറേറ്റിൽ മത്സ്യബന്ധനത്തിനും നിരോധനമേർപ്പെടുത്തി. സഹായം ആവശ്യമുള്ളവര്‍ക്ക് 999, 901 നമ്പറില്‍ ഓപറേഷന് റൂമുമായി ബന്ധപ്പെടാമെന്നും റാക് അധികൃതര്‍ അറിയിച്ചു.
യു.എ.ഇയിലുടനീളം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടുവരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പ്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ച അന്തരീക്ഷ താപനില അഞ്ചുമുതൽ ഏഴു ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാധ്യതയുണ്ട്. രാജ്യത്ത് മഴ പരമാവധി വർധിപ്പിക്കുന്നതിനായി ക്ലൗഡ് സീഡിങ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ചില സമയങ്ങളിൽ രാജ്യത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകുമെന്നും കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ തെളിയുന്ന കാലാവസ്ഥ ശനിയാഴ്ചയോടെ സാധാരണ നിലയിലാകുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ഉയരമുള്ള പർവതമായ ജബൽ ജെയ്സിനു മുകളിലാണ് ബുധനാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 3.3 ഡിഗ്രി സെൽഷ്യസാണിവിടെ രേഖപ്പെടുത്തിയത്.
സ്കൂളുകൾ നേരത്തേ അടച്ചു
മഴ കനത്തതോടെ ഷാർജയിലെ കൽബ സിറ്റിയിലും ഫുജൈറയിലും പൊതു-സ്വകാര്യ സ്കൂളുകൾ ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ ക്ലാസുകൾ അവസാനിപ്പിച്ചു. കനത്ത മഴയിൽ വിദ്യാർഥികളുടെ സുരക്ഷ പരിഗണിച്ചാണ് നടപടി. വിദ്യാർഥികളുടെ ഫീൽഡ് യാത്രകൾ പൂർണമായും രണ്ടു ദിവസത്തേക്ക് ഒഴിവാക്കിയിട്ടുമുണ്ട്.
റാസൽഖൈമയിലെ സർക്കാർ സ്കൂളുകളിൽ വിദൂരപഠനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്ക് വീട്ടിലിരുന്ന് പഠിക്കാമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴ പെയ്താൽ റോഡുകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് തടയാനും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ കിഴക്കൻ മേഖലയിൽ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബീച്ചുകളിലും താഴ്വരകൾക്കു സമീപമുള്ള പ്രദേശങ്ങളിലും പട്രോളിങ് വേഗത്തിലാക്കിയിട്ടുണ്ടെന്ന് ഫുജൈറ പൊലീസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.