കൊതിതീരാത്ത കാഴ്ചകൾ, അനുഭവങ്ങൾ
text_fieldsഎന്നെപ്പോലുള്ളവർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന എക്സ്പോ മികവുറ്റ രീതിയിൽ യാഥാർഥ്യമാക്കിയിരിക്കുകയാണ് ദുബൈ. ഒരു ദിവസം മാത്രമേ എക്സ്പോ സന്ദർശിക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും അത് പകർന്ന ഉത്സാഹവും ആനന്ദവും പറഞ്ഞറിയിക്കാനാവില്ല. നടന്ന് ക്ഷീണിക്കുമെന്ന് പലരും പറഞ്ഞിരുന്നുവെങ്കിലും ഞാൻ ക്ഷീണം അറിഞ്ഞതേയില്ല. അത്രക്ക് ഊർജം പകരുന്നതായിരുന്നു എക്സ്പോ കാഴ്ചകൾ. ആദ്യം വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പ് പതിപ്പിക്കാൻ എക്സ്പോ പാസ്പോർട്ട് വാങ്ങി. എക്സ്പോ ഓർമക്കായി സൂക്ഷിച്ചുവെക്കാൻ ഇതിലും അനുയോജ്യമായ മറ്റൊന്നില്ല.
സ്വിറ്റ്സർലൻഡ് പവിലിയന് മുന്നിൽ വർണക്കുടകളും പിടിച്ചുനിൽക്കുന്നവരെ കണ്ടാണ് ശ്രദ്ധ അങ്ങോട്ടുപോയത്. അൽപനേരം ക്യൂവിൽ നിന്നശേഷം ഞങ്ങൾക്കും കിട്ടി ചുവപ്പും വെള്ളയും നിറങ്ങളണിഞ്ഞ കുട. പിന്നെ കുടപിടിച്ച് വിവിധ പോസുകളിൽ ഫോട്ടോ എടുക്കുന്ന തിരക്കിലായി എല്ലാവരും. പവിലിയന് അകത്തുകടന്ന് അടഞ്ഞ ഗ്ലാസ് ഡോർ നമുക്കായി തുറന്ന് തരുമ്പോൾ സ്വിറ്റ്സർലൻഡിലെ കോടയും തണുപ്പും നമ്മെ വന്ന് പൊതിയുന്നു. ആഹാ... എന്തൊരു സുഖം.
ദൂരെനിന്ന് ശ്രദ്ധ പിടിച്ചെടുക്കുന്ന രീതിയിൽ നിർമിച്ചിരിക്കുന്ന സൗദി പവിലിയൻ ഏറ്റവുമധികം സന്ദർശകരെ സ്വീകരിക്കുന്നതിൽ അതിശയോക്തിയില്ല. പുറമെയുള്ള മോണിറ്ററിലെ കാഴ്ചകൾ നോക്കിനിന്ന് പോകും. അകത്തേക്ക് പ്രവേശിക്കുന്നതിനിടെ ഒരു വൃത്തത്തിന് ചുറ്റും മഴ പെയ്യുന്നു. മഴ വീഴാത്ത മധ്യഭാഗത്ത് കയറിനിൽക്കാൻ ആളുകളുടെ തിരക്കായിരുന്നു. ഞാൻ ആദ്യം വിചാരിച്ചു അതൊരു വെർച്വൽ മഴയാണെന്ന്.
ഉള്ളിൽ കയറിനിന്ന് വെള്ളത്തുള്ളികൾക്ക് നേരെ കൈനീട്ടിയപ്പോഴാണ് നനവറിഞ്ഞത്. തുടർന്ന് സന്ദർശിച്ച ഈജിപ്ത് പവിലിയൻ മികച്ച രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ശ്രീലങ്കൻ പവിലിയനിൽ അവരുടെ പ്രത്യേക കട്ടൻ ചായ തന്നാണ് സ്വീകരിച്ചത്. ചൈനയും തായ്ലൻഡും നല്ലരീതിയിൽ സന്ദർശകരെ ആകർഷിക്കുന്നു. ഇന്ത്യയുടെ വിശാലമായ പവിലിയനു മുന്നിൽ നീണ്ട ക്യൂ ഉണ്ടായിരുന്നെങ്കിലും സ്മാർട്ട് ക്യൂ ബുക്ക് ചെയ്തിരുന്നതിനാൽ വളരെ വേഗം അകത്തുകടക്കാൻ കഴിഞ്ഞു. യു.എ.ഇ പവിലിയന് മുന്നിലെ നീണ്ടവരി കണ്ട് നിരാശയോടെ മുന്നോട്ട് നടക്കുമ്പോഴാണ് എക്സ്പോ നഗരിയുടെ മധ്യകേന്ദ്രവും പ്രധാന ആകർഷണവുമായ അൽവാസൽ പ്ലാസയുടെ താഴികക്കുടം കൺമുന്നിൽ തെളിഞ്ഞത്.
അതിെൻറ അതിശയകരമായ നിർമാണവും വെളിച്ച വിന്യാസവും അത്ഭുതകരമായ ഭംഗിയും എത്ര നോക്കിനിന്നിട്ടും മതിയായില്ല. രാത്രി ഏറെ വൈകിയതിനാൽ റഷ്യൻ കവാടങ്ങൾ അടച്ചുകഴിഞ്ഞിരുന്നു. ഏറെ ആകർഷണീയമായ റഷ്യൻ പവിലിയന് മുന്നിൽനിന്ന് ഫോട്ടോ എടുത്ത് തൽക്കാലം തൃപ്തിപ്പെട്ടു. ലോകത്തിൽ എത്രയോ പേർ കാണാൻ കൊതിക്കുന്ന ഈ മനോഹര കാഴ്ചകൾ ആസ്വദിക്കാൻ ഭാഗ്യം തന്ന സർവേശ്വരനോടും യു.എ.ഇ ഭരണാധികാരികളോടും മനസാ നന്ദിപറഞ്ഞാണ് എക്സ്പോ നഗരിയോട് വിടപറഞ്ഞത്.
-സഈദ നടേമ്മൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.