എംബസിക്ക് മുന്നിൽ സ്പോൺസർ ഉപേക്ഷിച്ച യു.പി സ്വദേശിയെ നാട്ടിലെത്തിച്ചു
text_fieldsറിയാദ്: എംബസിക്ക് മുന്നിൽ സ്പോൺസർ ഉപേക്ഷിച്ച ഉത്തർപ്രദേശ് സ്വദേശിയെ റിയാദ് ഹെൽപ് ഡെസ്ക് പ്രവർത്തകർ നാട്ടിലെത്തിച്ചു. രണ്ടു വർഷം മുമ്പ് സൗദിയിലെ ഖമീസ് മുൈശത്തിലെത്തിയ യു.പി മുർഷിദാബാദ് സ്വദേശി മഹറുൽ ഹഖിനെയാണ് സ്പോൺസർ എംബസിക്ക് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. മെനിഞ്ചൈറ്റിസ് ബാധിച്ചതു കാരണം അവശനായിരുന്നു ഹഖ്. വിവരമറിഞ്ഞ എംബസി ഉദ്യോഗസ്ഥർ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിെൻറ സഹായത്തോടെ ബത്ഹയിലെ ശിഫ അൽ ജസീറ പോളിക്ലിനിക്കിൽ പ്രവേശിപ്പിച്ചു.
സ്പോൺസർ ഇദ്ദേഹത്തിന് ഇഖാമ നൽകിയിരുന്നില്ല. ദിവസങ്ങൾ നീണ്ട ആശുപത്രി പരിചരണത്തിൽ ആരോഗ്യം വീണ്ടെടുത്ത ഹഖിന് ഹെൽപ് ഡെസ്ക് താമസവും ഭക്ഷണവും ഒരുക്കി. ഒരു മാസത്തോളം ഹെൽപ് ഡെസ്കിെൻറ തണലിൽ കഴിഞ്ഞ ഹഖിന് ശിഹാബ് കൊട്ടുകാട് ഇടപെട്ട് എംബസിയിൽനിന്ന് ഫൈനൽ എക്സിറ്റ് നേടിയെടുത്തു. നാട്ടിലേക്കയക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും സ്പോൺസറിൽനിന്ന് ക്ലിയറൻസ് ലഭിച്ചില്ല. ഒടുവിൽ എംബസിയുടെ ഇടപെടലിൽ എംബസി നൽകിയ വിമാന ടിക്കറ്റിൽ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു. പരസഹായം ആവശ്യമായതിനാൽ മുർഷിദാബാദ് സ്വദേശിയായ ശഫീഖ് ശൈഖ് എന്ന യാത്രക്കാരനോടൊപ്പം നാട്ടിലേക്ക് അയക്കുകയായിരുന്നു. ശഫീഖ് ശൈഖിനുള്ള ടിക്കറ്റ് റിയാദ് ഹെൽപ് ഡെസ്ക് നൽകി.
നൗഷാദ് ആലുവ, ഷൈജു പച്ച, കബീർ പട്ടാമ്പി, സലാം പെരുമ്പാവൂർ, സുധീർ, മാത്യു തോമസ്, അബ്ദുൽ ബാരി, നേവൽ ഗുരുവായൂർ തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ സഹായത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.