നവീകരിച്ച ദുബൈ-അൽഐൻ റോഡ് തുറന്നു
text_fieldsനവീകരിച്ച ദുബൈ-അൽഐൻ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ ശൈഖ് ഹംദാൻ മറ്റ് അതിഥികൾക്കൊപ്പം
ദുബൈ: ദുബൈ-അൽഐൻ റോഡ് നവീകരണം പൂർത്തിയായി ജനങ്ങൾക്ക് തുറന്നുനൽകി. 200കോടി ദിർഹം ചെലവുവന്ന വൻപദ്ധതിയുടെ പൂർത്തീകരണം 15ലക്ഷം യാത്രക്കാർക്ക് ഉപകാരപ്പെടും.
ദുബൈ കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം റോഡ് നേരിൽ സന്ദർശിച്ച് ഉദ്ഘാടനം ചെയ്തു. ഒമാൻ ഭാഗത്തേക്ക് പോകുന്ന 17കി.മീറ്റർ റോഡിന് നേരത്തേ ഇരു ഭാഗത്തേക്കും മൂന്ന് ലൈനാണുണ്ടായിരുന്നത് ആറ് ലൈനായി. വിവിധ റൗണ്ട് എബൗട്ടുകളിൽ വിപുലമായ അലങ്കാരവുമുണ്ട്. രണ്ടു ഭാഗത്തേക്കുമായി മണിക്കൂറിൽ 24,000 വാഹനങ്ങൾ റോഡിൽ ഉൾക്കൊള്ളാനാകും.
നഗരാസൂത്രണത്തിൽ ലോകത്തെ മികച്ച പട്ടണമാക്കി ദുബൈയെ മാറ്റുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്ന ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. ദുബൈ-അൽഐൻ റോഡിൽ റാസൽഖോർ റോഡ് ഇന്‍റർസെക്ഷൻ മുതൽ എമിറേറ്റ്സ് റോഡ് വരെയുള്ള യാത്രാസമയം 16 മിനിറ്റിൽനിന്ന് എട്ടു മിനിറ്റായി കുറക്കാനും രണ്ട് കിലോമീറ്ററോളം നീണ്ട ഗതാഗതക്കുരുക്ക് പരിഹരിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രസ്താവനയിൽ അറിയിച്ചു.
പദ്ധതിയിൽ ആറ് പ്രധാന ഇന്‍റർചേഞ്ചുകളും 11.5 കിലോമീറ്റർ നീളത്തിൽ പാലങ്ങളും റാമ്പുകളും ഉൾപ്പെടുന്നുണ്ട്. റോഡിൽ ഉൾക്കൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി ഉയർത്താനും നവീകരണത്തിലൂടെ സാധിക്കും.
ആർ.ടി.എയുടെ ഡയറക്ടർ ജനറലും എക്‌സിക്യുട്ടിവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മത്വാർ അൽ തായർ ഉദ്ഘടാനത്തിനെത്തിയ ശൈഖ് ഹംദാനെ അനുഗമിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.