സമാധാനപരമായ ബഹിരാകാശ ഉപയോഗം: യു.എൻ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്ത് യു.എ.ഇ
text_fieldsദുബൈ: ഐക്യരാഷ്ട്ര സഭയിലെ സമാധാനപരമായ ബഹിരാകാശ ഉപയോഗത്തിനായുള്ള കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ച് യു.എ.ഇ. എമിറേറ്റ്സ് മാർസ് മിഷൻ ഡയറക്ടർ ഉംറാൻ ശറഫാണ് യു.എ.ഇയെ പ്രതിനിധാനംചെയ്ത് കമ്മിറ്റിയുടെ 65ാമത് സെഷനിൽ അധ്യക്ഷത വഹിച്ചത്.
ബഹിരാകാശവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ദീർഘകാല സുസ്ഥിരത നിലനിർത്തുന്നതിന് മാർഗനിർദേശങ്ങൾ തയാറാക്കുന്നതിൽ കൂടുതൽ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് ഉംറാൻ അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ചടങ്ങിൽ കമ്മിറ്റി അംഗങ്ങൾ ബഹിരാകാശത്തെയും ആഗോള ആരോഗ്യത്തെയും കുറിച്ച വർക്കിങ് ഗ്രൂപ് കരട് റിപ്പോർട്ട് അംഗീകരിച്ചു. ബഹിരാകാശ രംഗത്ത് വലിയ കുതിപ്പുകൾക്ക് നേതൃത്വം നൽകിയ യു.എ.ഇക്ക് ലഭിച്ച അംഗീകാരമാണ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം. അഞ്ചു പുതിയ രാജ്യങ്ങൾ കൂടി ചേർന്നതോടെ കമ്മിറ്റിയിൽ 100 അംഗങ്ങളായി.
രാജ്യത്തിന്‍റെ ചൊവ്വാ ദൗത്യത്തിന്‍റെ പ്രോജക്ട് ഡയറക്ടറായ ഉംറാൻ ശറഫ് കമ്മിറ്റിയുടെ ഡയറക്ടറായി പ്രവർത്തിക്കും. 1959മുതൽ പ്രവർത്തിക്കുന്ന യു.എന്നിലെ ഈ കമ്മിറ്റി ബഹിരാകാശ രംഗത്തെ സമാധാനപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും ഈ രംഗത്തെ പര്യവേക്ഷണത്തെ സഹായിക്കുന്ന നിയമങ്ങളും നയങ്ങളും നിർദേശിക്കുകയും ചെയ്യുന്ന കമ്മിറ്റിയാണ്.
ബഹിരാകാശത്ത് സൈനികവത്കരണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വലിയ ബഹുമതിയായാണ് വിലയിരുത്തപ്പെടുന്നത്. ബഹിരാകാശത്ത് ആയുധങ്ങളുടെയും സൈനിക സാങ്കേതികവിദ്യയുടെയും ഉപയോഗം വർധിച്ചുവരുന്നുണ്ട്. അതോടൊപ്പം, ചാര സാറ്റലൈറ്റുകളും പലരും ഉപയോഗപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ ലോകരാജ്യങ്ങൾക്ക് നയങ്ങളും നിയമങ്ങളും നിർദേശിക്കുന്ന കമ്മിറ്റിയെ വളരെ ശ്രദ്ധയോടെയാണ് വിദഗ്ധർ വിലയിരുത്തുന്നത്. കമ്മിറ്റിയിൽ അംഗമായി പ്രവർത്തിച്ചുവരുകയായിരുന്നു ഉംറാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.