വിസ കാലതാമസം; വിഡിയോ കാൾ സേവനം ഉപയോഗിക്കാൻ നിർദേശം
text_fieldsദുബൈ: വിസ അപേക്ഷകളിലുള്ള നടപടി കാലതാമസം ഒഴിവാക്കാൻ വിഡിയോ കാൾ സേവനം പ്രയോജനപ്പെടുത്തണമെന്ന ആഹ്വാനവുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). നിലവിൽ അതിവേഗമാണ് ദുബൈയിലെ ഓരോ വിസ സേവനങ്ങളും ലഭിക്കുന്നത്.
എന്നാൽ, ചില സമയങ്ങളിൽ ഉപഭോക്താവിന്റെ അപേക്ഷാഫോറത്തിൻമേൽ ചില അവ്യക്തതകൾ നിലനിൽക്കാറുണ്ട്. അതിന് പരിഹാരമായി ഓഫിസുകളിൽ പോകാതെതന്നെ വിഡിയോ കാൾ വഴി തത്സമയം എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി നടപടികൾ പൂർത്തീകരിക്കാനുള്ള മാർഗമാണ് പുതിയതായി ആരംഭിച്ച വിഡിയോ കാൾ സർവിസ്. അപേക്ഷകളുടെ മേലുള്ള കാലതാമസത്തിന്റെ കാരണം അറിയാനും ആവശ്യമായ രേഖകൾ സമർപ്പിച്ച് നടപടികൾ പൂർത്തീകരിക്കാനും ഇതുപകരിക്കും. ജി.ഡി.ആർ.എഫ്.എ ദുബൈയുടെ വെബ്സൈറ്റ് മുഖേനയാണ് ഇത് സാധ്യമാകുന്നതെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു.
ദുബൈയിലെ വിസസംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും ടോൾഫ്രീ നമ്പറായ 8005111ൽ വിളിക്കാം. എന്നാൽ, വിഡിയോ കാൾ സേവനം ഔദ്യോഗിക ചാനൽ വഴി അപേക്ഷിച്ച സേവന അപേക്ഷകളിന്മേലുള്ള നടപടികൾ പൂർത്തീകരിക്കാനുള്ളതാണെന്ന് അമർ ഹാപ്പിനസ് വിഭാഗം മേധാവി ലഫ്. കേണൽ സാലിം ബിൻ അലി അറിയിച്ചു. ഇത്തരത്തിൽ വിസസംബന്ധമായ വിവിധ സേവനങ്ങൾക്കും അന്വേഷണങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഫിനാൻഷ്യൽ, നിയമ ഉപദേശം, എമിഗ്രേഷൻ കാർഡ്, താമസ വിസ, സന്ദർശകവിസ, മാനുഷിക പരിഗണനയുള്ള ഇടപാടുകൾ, ഗോൾഡൻ വിസ, സ്വദേശികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പ്രോപർട്ടി ഇൻവെസ്റ്ററുടെ വിസകൾ തുടങ്ങിയവയെല്ലാം ഔദ്യോഗികമായി അറിയാനും ആവശ്യമായ സേവനം ലഭ്യമാകാനും ഇതിലൂടെ സാധിക്കും.
നിലവിൽ വകുപ്പിന്റെ ഓഫിസ് പ്രവൃത്തിസമയമായ രാവിലെ 7.30 മുതൽ വൈകീട്ട് ആറുവരെയാണ് സർവിസ് ലഭ്യമാവുക. ഭാവിയിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കും.
വിഡിയോ കാൾ സേവനം എങ്ങനെ
1. ജി.ഡി.ആർ.എഫ്.എയുടെ വെബ്സൈറ്റായ https://gdrfad.gov.ae/en സന്ദർശിക്കുക
2. ഇടത് ഭാഗത്തുള്ള വിഡിയോ കാൾ സേവനം എന്നത് ക്ലിക്ക് ചെയ്യുക
3. ഔദ്യോഗികരേഖകളിലെ ശരിയായ പേര് നൽകുക
4. ഇ-മെയിൽ ഐഡി നൽകുക
5. ബന്ധപ്പെടുന്ന ആളുടെ മൊബൈൽ നമ്പർ നൽകുക
6. പാസ്പോർട്ട് നമ്പർ അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി നമ്പർ നൽകുക
7. സ്ക്രീനിൽ ആവശ്യമായ സേവനങ്ങൾ തിരഞ്ഞെടുക്കുക
8. സബ്മിറ്റ് ചെയ്യുക
9. ഇതിന് പിന്നാലെ ഏതാനും മിനിറ്റുകൾ കൊണ്ട് എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താം.
10. ഫ്രണ്ട് കാമറ പ്രവർത്തിക്കുന്ന ഏത് ഉപകരണവും സേവനം ലഭിക്കാനായി ഉപയോഗിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.