ഉപയോഗശൂന്യമായ ടയറുകൾ സിമൻറ് നിർമാണത്തിന് ഇന്ധനമാക്കും
text_fieldsഅബൂദബി: സ്ഥലം നികത്താൻ ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് ഉപയോഗശൂന്യമായ ടയറുകൾ ഇനിമുതൽ അബൂദബിയിലെ മാലിന്യ നിർമാർജന കമ്പനിയായ തദ്‌വീർ റീസൈക്ലിങ് ഫാക്ടറി സിമൻറ് നിർമാണത്തിനുള്ള ഇന്ധനമാക്കി മാറ്റും. പ്രതിവർഷം ഒരുലക്ഷം ടൺ ടയർ ഇങ്ങനെ റീസൈക്ലിങ് ചെയ്യുന്നതിലൂടെ പരിസ്ഥിതി മലിനീകരണവും ആരോഗ്യ സംരക്ഷണ പ്രശ്‌നങ്ങളും ഒഴിവാക്കാനാവും.ഈ വർഷം തദ്‌വീർ ഫാക്ടറിയിൽ 17,000 ടൺ ടയറുകളാണ് പുനരുപയോഗിച്ചത്.
എന്നാൽ, ലക്ഷം ടൺ ടയറുകൾ റീസൈക്ലിങ് ചെയ്യാനുള്ള ശേഷി കൈവരിച്ചതായി തദ്‌വീർ ഡയറക്ടർ ജനറൽ സാലം അൽ കാബി വെളിപ്പെടുത്തി. അബൂദബിയിലെ മാലിന്യ നിർമാർജന കേന്ദ്രമായ തദ്‌വീറും ഇറ്റാലിയൻ പങ്കാളിയായ ടാർഹീൽ കമ്പനിയും ചേർന്നാണ് ഈ സൗകര്യം പ്രവർത്തിപ്പിക്കുക.
ഉപയോഗശൂന്യമായ ടയറുകളെ വിലയേറിയ സാമ്പത്തിക വിഭവമാക്കി മാറ്റാൻ കഴിയുന്നത് സമ്പദ്വ്യവസ്ഥക്ക് വലിയ നേട്ടമാണെന്നതോടൊപ്പം പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും സാധിക്കുമെന്നും അൽ കാബി പറഞ്ഞു.പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാകുന്ന പ്രതികൂലാവസ്ഥ കുറക്കുന്നതോടൊപ്പം ഊർജം ലാഭിക്കാനും അനുബന്ധ ചെലവുകൾ ലഘൂകരിക്കുന്നതിനും സഹായിക്കും.
1000 മുതൽ 1200 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിലാണ് ടയർ കത്തിക്കുക. പുക പരക്കാതെയുള്ള ജ്വലനത്തിലാണ് ടയർ കത്തിക്കുന്നതെന്നതും അന്തരീക്ഷ മലിനീകരണം തടയും.പൊതുജനാരോഗ്യ-പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി റീസൈക്ലിങ് നടപ്പാക്കുകയാണ് തദ്‌വീറിെൻറ ലക്ഷ്യം.അബൂദബി എമിറേറ്റിലുടനീളം റീസൈക്ലിങ് ഡിപ്പോകൾ സ്ഥാപിക്കും. പുതിയ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാൻറ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.