നിശ്ചയദാർഢ്യ വിഭാഗത്തിനുവേണ്ടത് സഹതാപമല്ല, അംഗീകാരം -മന്ത്രി വി. അബ്ദുറഹ്മാൻ
text_fieldsഷാർജ: സമൂഹത്തിൽ മറ്റുള്ളവരെപ്പോലെ എല്ലാ അവകാശങ്ങളും അനുഭവിക്കാന്‍ അര്‍ഹരാണ് നിശ്ചയദാർഢ്യ വിഭാഗമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഈ കുട്ടികൾക്കുവേണ്ടത് സഹതാപമല്ല, സമൂഹത്തിന്റെ അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു. നിശ്ചയദാർഢ്യ വിഭാഗക്കാരായ കുട്ടികളുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കുന്ന ടീം ഇന്ത്യയുടെ പത്താം വാർഷികം ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ ജനിക്കുന്നത് ശാപമായി കുടുംബങ്ങളും സമൂഹവും കരുതിയിരുന്നു. എന്നാൽ, ഇന്ന് സമൂഹത്തിന്റെ ചിന്താഗതിയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. കേരളത്തിൽ ഭിന്നശേഷിക്കാർക്കുള്ള ചികിത്സ രീതികളും ക്ഷേമപ്രവർത്തനങ്ങളും നല്ലരീതിയിൽ തുടരുന്നത് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്ന മലപ്പുറം ജില്ലയിൽ ഇത്തരം കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതായി കാണുന്നത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ടീം ഇന്ത്യ പ്രസിഡന്റ് ശശി വാരിയത്ത് അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ജനറൽ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ബാബു വർഗീസ് എന്നിവർ സംസാരിച്ചു. ടീം ഇന്ത്യ ജനറൽ സെക്രട്ടറി റെജി പാപ്പച്ചൻ സ്വാഗതവും ട്രഷറർ കെ.ടി. നായർ നന്ദിയും പറഞ്ഞു.
ടീം ഇന്ത്യയുടെ കീഴിലുള്ള കുട്ടികളെയും അമ്മമാരെയും ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പഴയകാല സിനിമ ഗാനങ്ങളെ കോർത്തിണക്കി അവതരിപ്പിച്ച ‘ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം’ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങൾ, പൂതപ്പാട്ട്, നാടൻപാട്ട്, ഗാനമേള, മറ്റു കേരളത്തിന്റെ തനതായ നൃത്തരൂപങ്ങളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.