ഷാർജയിൽ വിദ്യാർഥികൾക്ക് വാക്സിനേഷൻ നിർബന്ധമില്ല
text_fieldsഷാർജ: ആഗസ്റ്റ് 30ന് സ്കൂളുകൾ തുറക്കുേമ്പാൾ വിദ്യാർഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമില്ലെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. പ്രിൻസിപ്പൽമാർക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാക്സിനെടുക്കാത്തവർ ക്ലാസ് തുടങ്ങുന്ന ദിവസം പി.സി.ആർ പരിശോധന ഫലം ഹാജരാക്കണമെന്നും അധികൃതർ അറിയിച്ചു.
ജീവനക്കാർ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കണം. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിനെടുക്കാത്തവർ ആഴ്ചതോറും പി.സി.ആർ പരിശോധന നടത്തണം. യു.എ.ഇക്ക് പുറത്തു നിന്ന് വന്നവരെയും വാക്സിനേഷൻ പൂർത്തീകരിക്കാത്തവരെയും പുതുതായി റിക്രൂട്ട് ചെയ്ത അധ്യാപകരെയും ജീവനക്കാരെയും താൽക്കാലികമായി വാക്സിനേഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ടു മാസം അവർക്ക് സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അനുവാദമുണ്ട്. ആ സമയത്തിനുള്ളിൽ അവർ വാക്സിനെടുക്കണം. അതുവരെ അവർ എല്ലാ ആഴ്ചയും പി.സി.ആർ ടെസ്റ്റ് നടത്തണം.
പകർച്ചവ്യാധി നിയന്ത്രിക്കാനും പ്രതിരോധശേഷി നേടാനുമുള്ള യു.എ.ഇയുടെ ശ്രമങ്ങളെ പിന്തുണച്ച് കുത്തിവെപ്പ് എടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ എസ്.പി.ഇ.എ ആവശ്യപ്പെട്ടു. വേനലവധിക്കു ശേഷം സ്കൂളുകളിൽ പ്രവേശിക്കുന്നതിന് 16 വയസ്സും അതിൽ കൂടുതലുമുള്ള വിദ്യാർഥികൾ പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.