അഞ്ചാംപനിക്കെതിരെ വാക്സിൻ ബൂസ്റ്റർ ഡോസ്
text_fieldsദുബൈ: കുട്ടികളിൽ അഞ്ചാംപനി പ്രതിരോധിക്കുന്നതിനായി യു.എ.ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം ദേശീയതല വാക്സിൻ ബൂസ്റ്റർ ഡോസ് കാമ്പയിൻ പ്രഖ്യാപിച്ചു. ആഗോളതലത്തിൽ അഞ്ചാംപനി വീണ്ടും തലപൊക്കിയ സാഹചര്യത്തിലാണ് ഏഴു വയസ്സുവരെയുള്ള കുട്ടികളെ കേന്ദ്രീകരിച്ച് വാക്സിൻ ബൂസ്റ്റർ ഡോസ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
എമിറേറ്റ്സ് ഹെൽത്ത് സർവിസസ്, അബൂദബി പബ്ലിക് ഹെൽത്ത് സെന്റർ, ദുബൈ ഹെൽത്ത് അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെ ‘സ്വയം രക്ഷ, സമൂഹത്തിന്റെ രക്ഷ’ എന്ന തലക്കെട്ടിൽ നടത്തുന്ന കാമ്പയിനിൽ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സ്കൂൾ ക്ലിനിക്കുകളിലും വാക്സിൻ സൗജന്യമായി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദേശീയ വാക്സിനേഷൻ പ്രോഗ്രാമിൽ നിലവിൽ രണ്ട് ഡോസ് വാക്സിനാണ് ഉൾപ്പെടുന്നത്. ആദ്യ ഡോസ് 12ാം മാസത്തിലും രണ്ടാമത്തേത് 18ാം മാസത്തിലുമാണ് നൽകേണ്ടത്. എന്നാൽ, കുട്ടികളിൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.
ദേശീയ അഞ്ചാംപനി ഉന്മൂലന പരിപാടിയുടെ ഭാഗമായി വാക്സിനേഷൻ കവറേജ് വർധിപ്പിക്കാനും വൈറസിനെതിരായ പ്രതിരോധശേഷി സുരക്ഷിതമാക്കാനും 2030ഓടെ രോഗം നിർമാർജനം ചെയ്യാനുള്ള ആഗോള ലക്ഷ്യത്തിനുമാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്. കുട്ടികളിൽ അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നീ രോഗങ്ങൾക്കെതിരെ രാജ്യം നേരത്തേതന്നെ പ്രതിരോധ കുത്തിവെപ്പ് കാമ്പയിനുകൾ പ്രഖ്യാപിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി ഇക്കഴിഞ്ഞ മേയിൽ അബൂദബിയിൽ വാക്സിൻ കാമ്പയിൻ ആരംഭിച്ചിരുന്നു. അഞ്ചാംപനി ഉൾപ്പെടെ സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിനും വ്യക്തികൾക്കും സമൂഹത്തിനുമുള്ള അപകടസാധ്യതകൾ കുറക്കുന്നതിനുമുള്ള ദേശീയ വാക്സിനേഷൻ നയത്തിന്റെ കീഴിലാണ് ദേശീയ അഞ്ചാംപനി പ്രതിരോധ കാമ്പയിൻ ഉൾപ്പെടുന്നതെന്ന് പബ്ലിക് ഹെൽത്ത് സെക്ടർ അസി. അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റാന്ദ് പറഞ്ഞു.
ആഗോളതലത്തിൽ 2022ൽ മാത്രം അഞ്ചാംപനി ബാധിച്ച് 1,36,000 പേർ മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പ്രതിരോധ വാക്സിൻ ലഭ്യമായിട്ടും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് മരണനിരക്ക് കൂടുതലെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു. ഈ വർഷം യൂറോപ്പ്, യു.എസ്, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ, ഏഷ്യ എന്നിവിടങ്ങളിലാണ് അഞ്ചാംപനി വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.