രാജ്യത്ത് വാറ്റ് നികുതി വർധിപ്പിക്കില്ല; നിലവിലുള്ള അഞ്ചു ശതമാനം തുടരും
text_fieldsഅബൂദബി: യു.എ.ഇയിൽ നിലവിലുള്ള അഞ്ചു ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ഉയർത്താൻ പദ്ധതിയില്ലെന്ന് ധനകാര്യ മന്ത്രാലയം റിസോഴ്സ് ആൻഡ് ബജറ്റ് സെക്ടർ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി സഇൗദ് റാഷിദ് അൽ യതീം അറിയിച്ചു. ഈവർഷം ആദ്യ എട്ടുമാസം മൂല്യവർധിത നികുതിയിൽനിന്ന് 11.6 ബില്യൺ ദിർഹം വരുമാനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ കാലയളവിൽ രാജ്യത്തെ മൊത്തം എക്സൈസ് നികുതി വരുമാനം ഏകദേശം 1.9 ബില്യൺ ദിർഹമായിരുന്നു. 2019ലേതിനേക്കാൾ 47 ശതമാനം വർധനവാണിത്.
വാറ്റിൽനിന്നുള്ള വരുമാനത്തിെൻറ 30 ശതമാനം ഫെഡറൽ സർക്കാറിനും 70 ശതമാനം പ്രാദേശിക സർക്കാറിനുമാണ് വിതരണം ചെയ്യുക. എക്സൈസ് നികുതി വരുമാനത്തിൽ പുകയില ഉൽപന്നങ്ങളിൽ ഫെഡറൽ ഗവൺമെൻറിെൻറ വിഹിതം 45 ശതമാനവും പ്രാദേശിക സർക്കാറുകൾക്ക് 55 ശതമാനവുമാണ്. എനർജി ഡ്രിങ്കുകൾ, ശീതളപാനീയങ്ങൾ, പഞ്ചസാര ചേർത്ത മധുര പാനീയങ്ങൾ എന്നിവയുടെ എക്സൈസ് നികുതി വരുമാനത്തിൽ ഫെഡറൽ ഗവൺമെൻറിന് ലഭിക്കുക 30 ശതമാനമാണ്.
യു.എ.ഇ സർക്കാറിെൻറ വികസന പദ്ധതികൾ നടപ്പാക്കുന്നതിനും കോവിഡ്-19 പകർച്ചവ്യാധിമൂലമുള്ള പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും നികുതി വരുമാനം ഗുണകരമായി. അതിനാൽ ഫെഡറൽ ടാക്സ് അതോറിറ്റിയുടെ സഹകരണത്തോടെ നികുതി നയം ധനമന്ത്രാലയം പിന്തുടരും. സാമ്പത്തിക നയപരിപാടികൾക്കും സാമ്പത്തിക വളർച്ചക്കും അനുസൃതമായി നിയമനിർമാണങ്ങൾ തുടർച്ചയായി അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
2019 ലെ നികുതി വരുമാനം ഏകദേശം 31 ബില്യൺ ദിർഹമാണ്. 2018ൽ 29 ബില്യൺ ദിർഹമായിരുന്നു. 2019 ലെ മൊത്തം നികുതി വരുമാനത്തിെൻറ വളർച്ചനിരക്ക് 2018 നെ അപേക്ഷിച്ച് ഏഴു ശതമാനമായിരുന്നു. ഓരോ വിൽപന ഘട്ടത്തിലും ഈടാക്കുന്ന മിക്ക ചരക്കുകളുടെയും സേവനങ്ങളുടെയും അടിസ്ഥാന നിരക്കിൽ അഞ്ചു ശതമാനം വാറ്റ് യു.എ.ഇയിൽ ഈടാക്കിത്തുടങ്ങിയത് 2018 ജനുവരി ഒന്നുമുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.