Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ‘വാറ്റ്​’...

യു.എ.ഇയിൽ ‘വാറ്റ്​’ ജനുവരിയിൽ; തയാറെടുപ്പ്​ ഇപ്പോഴേ തുടങ്ങാം

text_fields
bookmark_border
യു.എ.ഇയിൽ ‘വാറ്റ്​’ ജനുവരിയിൽ; തയാറെടുപ്പ്​ ഇപ്പോഴേ തുടങ്ങാം
cancel

അടുത്ത ജനുവരി ഒന്നു മുതൽ യു.എ.ഇയിൽ മൂല്യവർധിത നികുതി(വാറ്റ്​) നടപ്പാകും. ഇതിന്​ മുന്നോടിയായി നികുതി നടപടിക്രമ നിയമം, പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ കഴിഞ്ഞാഴ്​ച പ്രഖ്യാപിച്ചുകഴിഞ്ഞു.  ഗൾഫ്​ രാജ്യങ്ങൾക്ക്​ പരിചിതമല്ലാത്ത നികുതി സ​മ്പ്രദായം നടപ്പാകും മുമ്പ്​ വ്യാപാരികളും സേവനദാതാക്കളും ഉപഭോക്​താക്കളുമെല്ലാം ​ വേണ്ട രീതിയിൽ മുന്നൊരുക്കം നടത്തേണ്ടതുണ്ട്​.

കഴിഞ്ഞ നവംബറിലുണ്ടാക്കിയ കോമൺ വാറ്റ് കരാർ അനുസരിച്ചാണ്​ 2019 ജനുവരിക്കകം ജി.സി.സി അംഗ രാജ്യങ്ങളായ യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ വാറ്റ് നടപ്പാക്കാൻ തീരുമാനിച്ചത്​്​. ഇന്ത്യയിൽ നടപ്പാക്കിയ ചരക്കു സേവന നികുതി (ജി.എസ്​.ടി) പോലെ എല്ലാ കച്ചവടങ്ങൾക്കും സേവനങ്ങൾക്കും പ്രത്യേകം നികുതി ബാധ്യത ഉണ്ടാകും.

എണ്ണ വരുമാനത്തെ പൂർണമായും ആശ്രയിക്കാതെ സർക്കാരി​​​െൻറ പദ്ധതികൾക്കുള്ള ഫണ്ട് കണ്ടെത്താനാണ് വാറ്റ് നടപ്പാക്കുന്നത്. പ്രത്യേകമായി പരാമർശിച്ചതൊഴികെയുള്ള എല്ലാ ചരക്കുകൾക്കും സേവനങ്ങൾക്കും വാറ്റ് ബാധകമാണ്.

എന്താണ് ‘വാറ്റ്’
‘വാറ്റ്​’എന്നത് ഒരു പരോക്ഷ നികുതിയാണ്. വാറ്റ് നിലവിലുള്ള രാജ്യങ്ങളിൽ മിക്ക ചരക്കുകൾക്കും സേവനങ്ങൾക്കും അത് ബാധകമാണ്. ഇന്ത്യ, കാനഡ, ന്യൂസിലൻറ്, ആസ്​േത്രലിയ, സിംഗപ്പൂർ, മലേഷ്യ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തുടങ്ങി 150 ഓളം രാജ്യങ്ങളിൽ വാറ്റ് അല്ലെങ്കിൽ ജി.എസ്.​ടി നിലവിലുണ്ട്. 

ചരക്കുകളുടെ അല്ലെങ്കിൽ സേവനങ്ങളുടെ ഓരോ കൈമാറ്റത്തിലും വർധിത മൂല്യത്തിൻമേലും വാറ്റ് ചുമത്തപ്പെടുന്നു. കച്ചവടക്കാർ അത് ഉപഭോക്​താവി​​​െൻറ ​പക്കൽ നിന്ന്​ ഇൗടാക്കി സർക്കാരിലേക്ക് അടക്കണം. ആയതിനാൽ ഇതി​​​െൻറ പൂർണഭാരം അവസാന ഉപഭോക്​താവിനായിരിക്കും. കച്ചവട സാധനങ്ങൾ നികുതി ഉൾപ്പെടെ നൽകി വാങ്ങുകയും,  നികുതി ഉൾപ്പെടെ വാങ്ങി വിൽക്കുകയും വേണം. വിൽക്കുമ്പോൾ വാങ്ങിയ നികുതിയിൽ നിന്നും, വാങ്ങുമ്പോൾ നൽകിയ നികുതി തിരിച്ചെടുത്ത് ബാക്കി സർക്കാരിലേക്ക് നൽകിയാൽ മതി. ആയതിനാൽ കച്ചവടക്കാർക്ക് അധിക ബാധ്യത വരുന്നില്ല. പകരം അവസാന ഉപഭോക്​താവിനായിരിക്കും നികുതി ബാധ്യത.

ഉദാഹരണങ്ങൾ ചുവടെ:
1. സാജിദ്​ ഒരു വസ്​ത്ര നിർമ്മാതാവാണ്. അദ്ദേഹം ഒരു തുണിവ്യാപാരിയിൽ നിന്ന്​ 100 ദർഹമി​​​െൻറ തുണി അഞ്ച് ശതമാനം വാറ്റ് ഉൾപ്പെടെ 105 ദർഹം നൽകി വാങ്ങുന്നു. തുണി വ്യാപാരി ആ അഞ്ചു ദിർഹം സർക്കാരിലേക്ക് അടക്കുന്നു.
2. സാജിദ്​ 50 ദിർഹം കൂടി നിർമ്മാണത്തിന് ചെലവഴിച്ച് വസ്​ത്രം നിർമിക്കുന്നു. ഇപ്പോൾ തുണിയുടെ വിലയും നിർമ്മാണ ചെലവും ചേർത്ത് 150 ദിർഹം. സാജിദ്​ ഈ വസ്​ത്രം 30 ദിർഹം ലാഭം ചേർത്ത് 180 ദിർഹമിന് ഒരു റെഡിമെയ്ഡ് ഷോപ്പിന് വിൽക്കുന്നു. വിൽക്കുമ്പോൾ അഞ്ച് ശതമാനം വാറ്റ് ഉൾപ്പെടെ 189 ദിർഹം വാങ്ങുന്നു. വാറ്റായി സ്വീകരിച്ചു ഒമ്പത്​ ദിർഹമിൽ നിന്നും തുണി വാങ്ങിയപ്പോൾ നൽകിയ അഞ്ചു ദിർഹം കഴിച്ച് ബാക്കി  നാലു ദിർഹം സർക്കാറിന് നൽകുന്നു.
3. റെഡിമെയ്ഡ് ഷോപ്പുകാരൻ 180 ദിർഹമി​​​െൻറ വസ്​ത്രം 240 ദിർഹമിന് വിൽക്കുന്നു. വിൽക്കുമ്പോൾ അഞ്ച് ശതമാനം വാറ്റായ 12 ദിർഹം ഉൾപ്പെടെ 252 ദർഹം ഉപഭോക്​താവിൽ നിന്ന്​ വാങ്ങുന്നു. നികുതിയായി വാങ്ങിയ 12 ദിർഹമിൽ നിന്ന്​ വസ്​ത്രം വാങ്ങിയപ്പോൾ മുഹമ്മദിന് നൽകിയ ഒമ്പത്​ ദർഹം കഴിച്ച് ബാക്കി മൂന്നു ദിർഹം സർക്കാറിലേക്ക് നൽകുന്നു.
അവസാന ഉപഭോക്​താവ് നൽകിയ 12 ദിർഹമാണ്​ സർക്കാറിന് മൂന്നു ഘട്ടങ്ങളിലായി ലഭിച്ചത്. 5+4+3=12 
ഓരോ ഘട്ടത്തിലുമുളള മൂല്യവർധനക്കാണ്​ വാറ്റ് വരുന്നത്. അതിനാൽ ഒരിക്കലും നികുതിക്ക് മേൽ മറ്റൊരു നികുതി വരില്ല.

വാറ്റ് എല്ലാവർക്കും നിർബന്ധമാണോ?
നികുതിയുള്ള വസ്​തുക്കളുടെ കച്ചവടമോ സേവനമോ ഒരു വർഷത്തിൽ 3,75,000 ദിർഹമോ അതിൽ കൂടുതലോ ഉള്ളവർ നിർബന്ധമായും രജിസ്​റ്റർ ചെയ്തിരിക്കണം. 1,87,500 ദിർഹമി​​​െൻറ കച്ചവടമുള്ളവർക്ക് സ്വമേധയാ രജിസ്​റ്റർ ചെയ്യാം. പുതിയ ബിസിനസ്​  തുടങ്ങുന്നവർക്ക് അതി​​​െൻറ ചെലവ് കണക്കാക്കി മുൻകൂട്ടി രജിസ്​റ്റർ ചെയ്യണം. നേരത്തെ രജിസ്​റ്റർ ചെയ്ത് അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതാണ് നല്ലത്. 

കച്ചവടക്കാർ എങ്ങനെ തയ്യാറെടുക്കണം
വാറ്റ് നിലവിൽ വരുന്നത് ജനുവരി ഒന്ന് മുതലായതിനാൽ കച്ചവടക്കാർക്ക് വേണ്ട തയാറെടുപ്പുകൾ നടത്താൻ സമയമുണ്ട്. വൈകിയുള്ള തയാറെടുപ്പുകൾ ഒരു പക്ഷെ നിയമ ലംഘനത്തിലേക്ക് വഴിവെക്കുകയും കനത്ത പിഴയുൾപ്പെടെയുള്ള ബാധ്യതകൾ വിളിച്ച് വരുത്തുന്നതുമായിരിക്കും. താഴെ പറയുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുക.

●    നികുതി​ ഉൾപെടുത്തിക്കൊണ്ടുള്ള ബില്ലിംഗ്.
●    കണക്കുകൾ വ്യക്​തമായി രേഖപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്യുക (ആവശ്യമെങ്കിൽ കംപ്യൂട്ടറും സോഫ്റ്റ്​ വെയറും തയ്യാറാക്കുക) 
●    കണക്കുകൾ കൈകാര്യം ചെയ്യാൻ അറിയാവുന്ന ജോലിക്കാർ ഉണ്ടാവുക.
●    അക്കൗണ്ടൻറുമാർക്ക് വേണ്ട പരിശീലനം നൽകുക.
●    ഓൺലൈൻ സൗകര്യത്തോട് കൂടിയ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പുവരുത്തുക.

വാറ്റ് എന്തിനെല്ലാം നിർബന്ധം
വാറ്റ് നിയമത്തിൽ ഉൾപെടുത്താത്ത ചില പ്രത്യേക ചരക്കുകൾക്കും സേവനങ്ങൾക്കും ഒഴികെ ബാക്കി എല്ലാത്തിനും വാറ്റ് നിർബന്ധമാണ്. അഞ്ച് ശതമാനമാണ് വാറ്റ് നികുതി എങ്കിലും ചില പ്രത്യേക ചരക്കുകൾക്കും സേവനങ്ങൾക്കും നിലവിൽ പൂജ്യം ശതമാനം മാത്രമാണ് കണക്കാക്കിയിട്ടുള്ളത്. പൂജ്യം ശതമാനത്തിൽ ഉൾപെടുത്തിയ വസ്​തുക്കൾ വാറ്റ് നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടില്ലാത്തതിനാൽ ഭാവിയിൽ നികുതി കൂട്ടാവുന്നതാണ്. 

കണക്കുകൾ സമർപ്പിക്കൽ 
(റിട്ടേൺ ഫയലിങ്​)

രജിസ്​റ്റർ ചെയ്ത എല്ലാ വ്യാപാരികൾക്കും സമയാസമയമുളള നികുതി​ റിട്ടേൺ ഫയലിങ്​ നിർബന്ധമാണ്. ഫയലിങ്​ മൂന്നുമാസത്തിലൊരിക്കൽ എന്നാണ് തീരുമാനിച്ചിട്ടുള്ളത്. എങ്കിലും  എല്ലാ മാസത്തിലും എന്നാക്കാൻ സാധ്യതയുണ്ട്. അടുത്തമാസം 28–ാം തിയതിക്കുള്ളിലായി നികുതി കണക്കാക്കി സർക്കാറിലേക്ക് റിട്ടേൺ ഫയൽ ചെയ്യേണ്ടതാണ്. നിശ്​ചിത ഫോർമാറ്റിൽ ഓൺലൈൻ ആയാണ് നൽകേണ്ടത്. വീഴ്ച വരുത്തിയാൽ ഭാരിച്ച പിഴ ചുമത്തപ്പെട്ടേക്കാം എന്നതിനാൽ കച്ചവടക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഭാരിച്ച പിഴ സൂക്ഷിക്കുക
യു.എ.ഇയിലെ നിയമങ്ങൾ കണിശവും അത് ലംഘിച്ചാലുള്ള പിഴകൾ ഭാരിച്ചതുമാണ്.
വാറ്റ് നിയമ ലംഘനവും ഇതുപോലെ വലിയ പിഴ ചുമത്തപ്പെടുന്നതും കോടതി നടപടികൾ ബാധകമാകുന്നതാണ്. 

ഉദാഹരണങ്ങൾ:
●  രജിസ്​േട്രഷൻ നിർബന്ധമാക്കിയിട്ടും രജിസ്​റ്റർ ചെയ്യാതിരിക്കൽ
●  നിശ്ചിത സമയ പരിധിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്യാതിരിക്കൽ.
●  സർക്കാറിലേക്ക് അടക്കേണ്ട നികുതി അടക്കാതിരിക്കൽ
●  വാറ്റ് നിയമപ്രകാരമുള്ള കണക്കുകൾ സൂക്ഷിക്കാതിരിക്കൽ
●  നികുതി വെട്ടിക്കാൻ വേണ്ട പ്രവർത്തികൾ മന:പൂർവ്വം ചെയ്യൽ

നിയമലംഘനം, പിഴ തുടങ്ങി വിവിധ കാര്യങ്ങൾ ഇനിയും വ്യകതമായി പ്രഖ്യാപിച്ചിട്ടില്ല. അത്കൊണ്ട് തന്നെ നിലവിലെ പല കാര്യങ്ങളിലും  മാറ്റങ്ങൾ വന്നേക്കാം. മാറ്റങ്ങൾ അതത് സമയം സാമ്പത്തിക കാര്യ വകുപ്പ്​ അറിയിക്കുന്നതായിരിക്കും.

തയ്യാറാക്കിയത്:സി.എം.എ.ആബിദ് കടായിക്കൽ, വാറ്റ് കൺസൾട്ടൻറ് 

 

വാറ്റ്​ സംശയനിവാരണം ‘ഗൾഫ്​ മാധ്യമ’ത്തിലൂടെ
ദുബൈ: അടുത്ത വർഷം മുതൽ  യു.എ.ഇയിൽ നടപ്പാക്കുന്ന മൂല്യ വർധിത നികുതി (വാറ്റ്​) സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ ‘ഗൾഫ്​ മാധ്യമ’ത്തിന്​ അയക്കുക. വിദഗ്​ധരുടെ മറുപടികൾ പ​ത്രത്തിൽ പ്രസിദ്ധീകരിക്കും. സ​ംശയങ്ങൾ ഇമെയിലായും വാട്ട്​സാപ്പായും അയക്കാം. ഇ മെയിൽ: uaeinbox@gulfmadhyamam.net. സബ്​ജക്​റ്റിൽ വാറ്റ്​ എന്നെഴുതണം. വാട്ട്​സാപ്പ്​ ​െചയ്യേണ്ട നമ്പർ: 050 2505698.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vatgulf newsmalayalam news
News Summary - vat-uae-gulf news
Next Story