വാറ്റ്: ഒാൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsഅബൂദബി: മൂല്യവർധിത നികുതി (വാറ്റ്) സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ ഒാൺലൈൻ സൗകര്യം ആരംഭിച്ചതായി ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) അറിയിച്ചു. അതോറിറ്റിയുടെ വെബ്സൈറ്റിൽ ഒരുക്കിയ ഒാൺലൈൻ രജിസ്ട്രേഷൻ സൗകര്യം എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമായിരിക്കും.
2018 ജനുവരി ഒന്ന് മുതലാണ് യു.എ.ഇയിൽ വാറ്റ് പ്രാബല്യത്തിലാകുന്നത്. നികുതി ബാധകമായ ഉൽപന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്ന, 375,000 ദിർഹത്തിന് മുകളിൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾ നിർബന്ധമായും വാറ്റ് രജിസ്ട്രേഷൻ ചെയ്യണം.
187,500 ദിർഹത്തിനും 375,000 ദിർഹത്തിനും ഇടയിൽ വരുമാനമുള്ള സ്ഥാപനങ്ങൾക്കും വേണമെങ്കിൽ രജിസ്റ്റർ ചെയ്യാം. ഒന്നര കോടി ദിർഹത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ബിസിനസ് സംരംഭങ്ങൾ 2017 ഒക്ടോബർ 31ന് മുമ്പും ഒരു കോടി ദിർഹത്തിന് മുകളിലുള്ള സംരംഭങ്ങൾ നവംബർ 30ന് മുമ്പും രജിസ്റ്റർ ചെയ്യാൻ എഫ്.ടി.എ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് ജി.സി.സി അംഗരാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവ വാറ്റ് നടപ്പാക്കാനുള്ള കരാറിൽ ഒപ്പുവെച്ചത്. യു.എ.ഇയിൽ ആദ്യ വർഷത്തിൽ 1200 കോടി ദിർഹവും തുടർന്നുള്ള വർഷത്തിൽ 2000 കോടി ദിർഹവും വാറ്റിൽനിന്ന് സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.