ഷാർജയിൽ കാർ ഏജൻസികൾ വഴി വാഹന രജിസ്ട്രേഷൻ പുതുക്കാം
text_fieldsഷാർജ: ഷാർജയിലെ കാർ ഏജൻസികൾ വഴി പുതിയ വാഹന ലൈസൻസിങ് രജിസ്ട്രേഷൻ സേവനം ഷാർജ പൊലീസ് ശനിയാഴ്ച ആരംഭിച്ചു. സേവനകേന്ദ്രങ്ങളെ ആശ്രയിക്കാതെ വ്യക്തികൾക്കും കമ്പനികൾക്കുമായി വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ എമിറേറ്റിലെ കാർ ഏജൻസികൾക്ക് വകുപ്പ് അനുമതി നൽകിയിട്ടുണ്ടെന്ന് വെഹിക്കിൾസ് ആൻഡ് ഡ്രൈവർ ലൈസൻസിങ് വിഭാഗം ഡയറക്ടർ ലഫ്. കേണൽ ഖാലിദ് മുഹമ്മദ് അൽകൈ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിലെ ഫെഡറൽ ലൈസൻസിങ് പ്രോഗ്രാം ആക്‌സസ് ചെയ്യുന്നതിലൂടെ ഇത് ചെയ്യാൻ കഴിയും.ഉപഭോക്തൃ സംതൃപ്തി കൈവരിക്കുന്നതിനായി ഇലക്ട്രോണിക് സേവനങ്ങളിലേക്ക് മാറാനുള്ള എമിറേറ്റിെൻറ തുടർച്ചയായ നിലപാടിന് അനുസൃതമായാണ് ഈ നീക്കം.
കാർ ഏജൻസികളിലെ വാഹന ലൈസൻസിങ് നടപടിക്രമങ്ങൾ ലഘൂകരിക്കാനും ഉപയോക്താക്കൾക്കായി സമയവും പരിശ്രമവും ലാഭിക്കാനും പുതിയ സേവനം സഹായിക്കും. ഇലക്ട്രോണിക് സേവനങ്ങളുടെ ഏകീകരണത്തിനുള്ള ഡാറ്റാബേസിൽ വാഹന ഇൻഷുറൻസ്, പണയം, സാങ്കേതിക പരിശോധന എന്നിവ ഉൾപ്പെടുന്നു, പേപ്പർരഹിത ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ ഇത് സഹായിക്കുന്നുവെന്ന് വെഹിക്കിൾസ് ആൻഡ് ഡ്രൈവർ ലൈസൻസിങ് വകുപ്പ് ഡയറക്ടർ അറിയിച്ചു. കാർ ഏജൻസികൾക്കായി ശിൽപശാലകൾ നടത്തുകയും പുതിയ സേവനങ്ങളെ പരിചയപ്പെടുത്തുകയും പ്രോഗ്രാം എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ച് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. എമിറേറ്റിലെ കാർ ഏജൻസി പ്രതിനിധികൾ പുതിയ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.