വാഹനങ്ങള്‍ അകലം പാലിക്കണം; ഇല്ലെങ്കില്‍ അജ്മാനിൽ പിഴ വീഴും
text_fieldsഅജ്മാന്‍: എമിറേറ്റിലെ റോഡുകളില്‍ വാഹനങ്ങള്‍ കൃത്യമായ അകലം പാലിച്ചില്ലെങ്കില്‍ പിഴ വീഴും. സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങൾക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്‍റുകളും ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസ് നിഷ്കര്‍ഷിക്കുന്ന കൃത്യമായ അകലം പാലിക്കാത്തതുമൂലം നിരവധി അപകടങ്ങളാണ് റോഡില്‍ സംഭവിക്കുന്നത്. വേഗത്തില്‍ പോകുന്ന മുന്നിലെ വാഹനം പെട്ടെന്ന് നിര്‍ത്തേണ്ടി വരുന്ന ഘട്ടങ്ങളില്‍ പിറകിലെ വാഹനം കൃത്യമായി അകലം പാലിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. എമിറേറ്റിലെ വിവിധ മേഖലകളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകള്‍ വഴിയും ഇത്തരം നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കും.
അജ്മാനിലെ റോഡുകളില്‍ നിശ്ചയിച്ചിട്ടുള്ള വേഗപരിധി മറികടക്കുന്നവര്‍ക്കും പിഴയും പിടിച്ചിടലും ബ്ലാക്ക് പോയന്‍റും അടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. ചുവന്ന സിഗ്നല്‍ മറികടക്കുകയോ രജിസ്ട്രേഷന്‍ പുതുക്കാതെ വാഹനം റോഡില്‍ ഇറക്കുകയോ ചെയ്യുന്നവര്‍ക്കാണ് ഇതുവരെ പിടിച്ചിടല്‍ നിയമം നടപ്പാക്കിയിരുന്നതെങ്കില്‍ ഇനി മുതല്‍ വേഗപരിധി മറികടക്കുന്നവരുടെ വാഹനങ്ങളും പതിനഞ്ച് ദിവസം വരെ പിടിച്ചിടാനാണ് പൊലീസ് തീരുമാനം. റോഡ് മുറിച്ചുകടക്കുന്നവരെ പരിഗണിക്കാത്ത ഡ്രൈവര്‍മാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. റോഡ് മുറിച്ചുകടക്കുന്നതിനായി നിശ്ചയിച്ച സ്ഥലങ്ങളില്‍ വേഗത്തില്‍ പോകുന്ന ഡ്രൈവർമാർക്കെതിരെയും ശക്തമായ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കും.
പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് പിറകില്‍ വാഹനം നിര്‍ത്തി പോകുന്ന പ്രവണതക്കെതിരെയും അജ്മാന്‍ പൊലീസ് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മറ്റുള്ളവരുടെ യാത്രക്ക് തടസ്സം സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തനങ്ങള്‍ക്കെതിരെ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ശക്തമായ നിരീക്ഷണം നടത്തുന്നതിനായി അജ്മാന്‍ പൊലീസ് പുതിയ നിരവധി കാമറകളാണ് എമിറേറ്റിന്‍റെ വിവിധ മേഖലകളിലായി അടുത്തിടെ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.