അബൂദബിയിൽ റോഡ് സുരക്ഷ നിയമം ലംഘിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കും
text_fieldsഅബൂദബി: തലസ്ഥാന എമിറേറ്റിൽ റോഡ് സുരക്ഷ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ കണ്ടുകെട്ടുന്നതിനും പിഴ ചുമത്തുന്നതിനും അബൂദബി പൊലീസ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. പൊലീസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് കേടുപാടുണ്ടാക്കുകയും റോഡിൽ മത്സരയോട്ടം നടത്തുകയും സാധുവായ ലൈസൻസ് പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനം തെരുവിലിറക്കുകയുംചെയ്യുന്ന ഡ്രൈവർമാർക്കെതിരെ 50,000 ദിർഹം വരെ പിഴ ചുമത്തും.
അമിതവേഗം, പെട്ടെന്ന് റോഡ്‌ലൈൻ മാറൽ, ടെയിൽഗേറ്റിങ്, സിഗ്‌നൽ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ അപകടമുണ്ടാക്കൽ എന്നീ നിയമലംഘനം നടത്തുന്ന ഡ്രൈവർമാരിൽനിന്ന് 5,000 ദിർഹം പിഴ ഈടാക്കും. വാഹനങ്ങളുടെ മുൻസീറ്റുകളിൽ 10 വയസ്സും അതിൽ താഴെയുമുള്ള കുട്ടികളെ ഇരുത്തി സഞ്ചരിക്കുന്ന ഡ്രൈവർമാർക്കും 5,000 ദിർഹം പിഴ ചുമത്തും. 7,000 ദിർഹത്തിന് മുകളിലുള്ള എല്ലാ പിഴകളും പൂർണമായി നൽകണമെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പിഴയടച്ച് മൂന്നുമാസത്തിനു ശേഷം ഡ്രൈവർമാർ സ്വീകരിക്കാതിരുന്നാൽ വാഹനങ്ങൾ ലേലത്തിന് വെക്കും. അബൂദബി എമിറേറ്റിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷാ നിയമങ്ങളുടെ പ്രാധാന്യം ഉയർത്തുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.