കുടുംബം നൽകിയ മോഷണകേസിൽ വീട്ടുവേലക്കാരിക്ക് അനുകൂലമായി സ്പോൺസറുടെ മൊഴി
text_fieldsദുബൈ: മോഷണം നടത്തിയെന്ന ആരോപണത്തിെൻറ പേരിൽ കേസിൽ കുടുങ്ങിയ വീട്ടുജോലിക്കാരിക്ക് അനുകൂല സാക്ഷ്യവുമായി വയോധികനായ തൊഴിലുടമ കോടതിയിൽ. തൊഴിലുടമയുടെ വാക്കുകൾ പരിഗണിച്ച് ദുബൈ കോടതി യുവതിയെ കുറ്റമുക്തയാക്കി. സുഡാൻ സ്വദേശിനിയായ ഹോം നഴ്സിനെതിരെയാണ് ആരോപണമുയർന്നിരുന്നത്. ഇവർ ജോലിക്കു നിന്ന വീട്ടിലെ അംഗങ്ങളാണ് ലാപ്ടോപ്പും വാച്ചും മോഷ്ടിച്ചെന്ന് പൊലീസിൽ പരാതി നൽകിയത്. എന്നാൽ അവർ ഒന്നും മോഷ്ടിച്ചിട്ടില്ല എന്ന് തനിക്കു വിശ്വാസമുണ്ടെന്നും മോഷണം നടന്നെങ്കിൽ പോലും അത് ഇത്തരത്തിലേക്ക് വലിച്ചിഴക്കപ്പെടേണ്ടതില്ല എന്നാണ് ആഗ്രഹമെന്നും സ്പോൺസർ വീൽചെയറിലെത്തി മൊഴി നൽകുകയായിരുന്നു. ബർദുബൈയിലെ സ്വദേശി വീട്ടിൽ കഴിഞ്ഞ വർഷം ജൂണിലാണ് യുവതി ജോലിക്കെത്തിയത്. സ്പോൺസറായ വയോധികൻ വിദേശത്തേക്ക് പോയ വേളയിൽ മകെൻറ വീട്ടിൽ ജോലിക്കു നിൽക്കാൻ കുടുംബം നിർദേശിച്ചു.
ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ബാഗും സാധനങ്ങളും സ്പോൺസറുടെ വീട്ടിൽ സൂക്ഷിക്കണമെന്ന് ഇവർ നിർബന്ധം പറഞ്ഞു.
ഏതാനൂം ദിവസം കഴിഞ്ഞ് തനിക്ക് ജോലിയിൽ തുടരാൻ താൽപര്യമില്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും ഇവർ ആവശ്യപ്പെട്ടു. അതിനിടെ വീട്ടുകാർ ബാഗുകൾ പരതിയപ്പോഴാണ് ലാപ്ടോപ്പും വാച്ചും കണ്ടെത്തിയത്. ഇത് തനിക്ക് സമ്മാനമായി നൽകിയതാണെന്നും മോഷ്ടിച്ചതല്ലെന്നും പറഞ്ഞെങ്കിലും വീട്ടുകാർ തല്ലുകയും അപമാനിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ സ്പോൺസറുടെ മൊഴി യുവതിക്ക് അനുകൂലമാകയാൽ കോടതി വെറുതെ വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.