വെറ്റെക്സ് നാളെ മുതൽ; ആഗോള തലത്തിലെ പ്രമുഖ കമ്പനികളെത്തും
text_fieldsദുബൈ: ജല വ്യവസായ രംഗത്തെ നവീന കാഴ്ചപ്പാടുകളും സംരംഭങ്ങളും പരിചയപ്പെടുത്തുന്ന വാട്ടർ, എനർജി, ടെക്നോളജി, എൻവയോൺമെന്റ് എക്സിബിഷനും (വെറ്റെക്സ്) ദുബൈ സോളാർ ഷോയും ബുധനാഴ്ച ആരംഭിക്കും. ദുബൈ വൈദ്യുതി, ജലവകുപ്പ് (ദീവ) ഒരുക്കുന്ന മേളയിൽ ഇത്തവണ ജല വ്യവസായ രംഗത്തെ പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ എത്തിച്ചേരുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിന് ദുബൈ വേൾഡ് ട്രേഡ് സെന്ററാണ് വേദിയാകുന്നത്. ജലോൽപാദനം, ശുദ്ധീകരണം, സംസ്കരണം, ലവണാംശം നീക്കൽ, സുസ്ഥിരത, മലിനജല സംസ്കരണം, മാലിന്യ നിർമാർജനം, വായുവിൽനിന്നും മറ്റുള്ളവയിൽനിന്നും വെള്ളം വേർതിരിച്ചെടുക്കൽ തുടങ്ങിയ മേഖലകളിലെ കമ്പനികൾ ഇവയിൽ ഉൾപ്പെടും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാധികാരത്തിൽ നടക്കുന്ന മേളയുടെ 25ാം എഡിഷനാണ് ഇത്തവണത്തേത്.
പ്രദർശനം ദുബൈയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നതാണെന്നും ശുദ്ധോർജത്തിന്റെയും ഹരിത സമ്പദ് വ്യവസ്ഥയുടെയും മേഖലയിൽ എമിറേറ്റിനെ ആഗോള ഹബ്ബായി ഉയർത്തുന്നതുമാണെന്ന് വെറ്റെക്സ്, ദുബൈ സോളാർ ഷോ സ്ഥാപകനും ചെയർമാനുമായ സഈദ് മുഹമ്മദ് ആൽ തായർ പറഞ്ഞു. അന്താരാഷ്ട്ര തലത്തിലെ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഏറ്റവും പുതിയ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും ലോകമെമ്പാടുമുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് അറിയാനും സഹായിക്കുന്ന എക്സിബിഷൻ കഴിഞ്ഞ വർഷങ്ങളിൽ നിരവധി സന്ദർശകരെ ആകർഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.