നൂതന ആശയങ്ങളുമായി വെറ്റെക്സിന് തുടക്കം
text_fieldsദുബൈ: സുസ്ഥിര വികസനത്തിന് ആഹ്വാനംചെയ്ത് വാട്ടർ, എനർജി, ടെക്നോളജി, ആൻഡ് എൻവയൺമെന്റൽ എക്സിബിഷനും (വെറ്റെക്സ്) ദുബൈ സോളാർ ഷോക്കും വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. ദുബൈ സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. 29ന് സമാപിക്കും. ജലവിതരണം, ഊർജം, പരിസ്ഥിതി, വൈദ്യുതി തുടങ്ങിയ മേഖലകളിലെ നൂതന ആശയങ്ങളുമായാണ് ഇത്തവണത്തെ വെറ്റെക്സും ഒരുക്കിയിരിക്കുന്നത്. ഈ മേഖലകളിലെ പുതിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയാണ് (ദേവ). 55 രാജ്യങ്ങളിലെ 1750 കമ്പനികൾ പങ്കെടുക്കുന്നുണ്ട്. 20 രാജ്യങ്ങളുടെ പവിലിയനുകൾ അണിനിരക്കുന്ന മേളയിൽ നിരവധി രാജ്യാന്തര കരാറുകൾ ഒപ്പുവെക്കും. പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളും വെറ്റെക്സിലുണ്ടാവും. 62 സ്പോൺസർമാർ പങ്കെടുക്കുന്നുണ്ട്.
ദുബൈ ആർ.ടി.എ, ഇനോക്, അക്വ പവർ, സീമൻസ്, ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി, എ.ജി പവർ, മസ്ദർ, ഡി.പി വേൾഡ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പവിലിയനുകളുമായി ഇവിടെയുണ്ട്. ആർ.ടി.എയുടെ നൂതന ഇലക്ട്രിക് കാറുകൾ, ഇ-കാർ ചാർജ് സ്റ്റേഷൻ, ദേവയുടെ സോളാർ പദ്ധതി തുടങ്ങിയവയെല്ലാം കാണാം. പരിസ്ഥിതി സൗഹൃദമായ പദ്ധതികളിലൂടെ ജനങ്ങളിലേക്ക് എങ്ങനെ വൈദ്യുതിയും വെള്ളവും എത്തിക്കാം എന്നതിനെ കുറിച്ച് വിശദമാക്കുന്ന നിരവധി സെഷനുകൾ നടക്കും. 2050ഓടെ നൂറ് ശതമാനം ശുദ്ധ ഊർജം ഉൽപാദിപ്പിക്കുന്ന എന്ന ദുബൈയുടെ ലക്ഷ്യത്തിന് കരുത്ത് പകരുന്നതാവും വെറ്റകസ്. സർക്കാർ, സ്വകാര്യ മേഖലകളിലെ ഏജൻസികൾ പങ്കെടുക്കുന്നുണ്ട്. 62,513 ചതുരശ്ര മീറ്ററിലാണ് പ്രദർശനം നടക്കുന്നത്. ഇന്ത്യൻ കമ്പനികളും വെറ്റെക്സിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ പവിലിയന്റെ ഉദ്ഘാടനം ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ജനറൽ ഡോ. അമൻ പുരി നിർവഹിച്ചു.
ഇന്ധന ഉപഭോഗം കൂടി; വിൽപന കൂടിയില്ല
ദുബൈ: യു.എ.ഇയിലെ ഇന്ധന ഉപഭോഗം കോവിഡിന് മുമ്പുള്ള നിലയിലേക്കെത്തിയതായി കണക്കുകൾ. എന്നാൽ, വിൽപന പഴയനിലയിലേക്ക് എത്തിയില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന വെറ്റെക്സ് പ്രദർശനത്തിൽ ദുബൈയിലെ എണ്ണക്കമ്പനിയായ ഇനോക്കാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപനയിൽ വളർച്ചയുണ്ടായിട്ടുണ്ട്. പക്ഷേ, കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് ഇപ്പോഴും ചില്ലറ വിൽപന മേഖലക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. കോവിഡിന് മുമ്പുള്ള വിൽപനയേക്കാൾ 15 ശതമാനം ഇടിവ് ഇപ്പോഴും തുടരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും കാര്യത്തിൽ മാത്രമല്ല, വിമാന ഇന്ധനത്തിന്റെ കാര്യത്തിലും ഈ ഇടിവ് തുടരുന്നുണ്ട്. ജെറ്റ് ഫ്യൂവൽ കൊണ്ടുപോകുന്നതിനായി 16.2 കിലോമീറ്റർ നീളത്തിലുള്ള പുതിയ പൈപ്പ് ലൈനിന്റെ നിർമാണം പൂർത്തിയായതായി ഇനോക്ക് വെറ്റെക്സിൽ പ്രഖ്യാപിച്ചു. ജബൽഅലിയിലെ മക്തൂം വിമാനത്തിലെ സ്റ്റോറേജ് ടെർമിനലിനെ ഹൊറൈസൻ എമിറേറ്റ്സ് ജബൽ അലി പെട്രോളിയവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പൈപ്പ് ലൈൻ. മണിക്കൂറിൽ 2000 ഘനമീറ്റർ ജെറ്റ് ഫ്യൂവൽ കൊണ്ടുപോകാൻ കഴിയുന്നതാണ് ഈ പൈപ്പ് ലൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.