ജയം രണ്ട് വോട്ടിന്; പിന്നീട് ജയിലും ഒളിവുകാലവും
text_fieldsഅത്രസുഖകരമായ ഓർമകളല്ല എനിക്ക് തെരഞ്ഞെടുപ്പും ഭരണകാലവും. വീറുറ്റ പോരാട്ടത്തിനൊടുവിൽ രണ്ട് വോട്ടിന് ജയിച്ചെങ്കിലും ഒളിവുകാലവും ജയിലും കോടതിയുമെല്ലാമായിരുന്നു എന്നെ കാത്തിരുന്നത്. വീണ്ടും പ്രവാസിയാകാൻ പ്രേരിപ്പിച്ചതും ഈ അനുഭവങ്ങളാണ്. 1995ൽ തളിപ്പറമ്പ് നഗരസഭ രൂപവത്കരിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. പ്രവാസത്തിെൻറ ഇടവേളയിൽ നാട്ടിലെത്തിയപ്പോഴായിരുന്നു തെരഞ്ഞെടുപ്പ്. എൽ.ഡി.എഫിെൻറ പിന്തുണയുള്ള ഐ.എൻ.എല്ലുകാരനായിരുന്നു എതിർ സ്ഥാനാർഥി.
തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പുണ്ടായ സംഘർഷത്തിൽ ഐ.എൻ.എൽ പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും എതിരാളികൾ അതിനെ കൊലപാതകമായി ചിത്രീകരിച്ചു. ഇതോടെ തെരഞ്ഞെടുപ്പിൽ അവർക്ക് മേൽക്കൈയും നേടാൻ കഴിഞ്ഞു. ഞാൻ ഉൾപ്പെടെ എട്ടുപേർക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. തോൽവി പ്രതീക്ഷിച്ചാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നീങ്ങിയത്. ഇഞ്ചോടിഞ്ച് പോരിനൊടുവിൽ എനിക്ക് ഭൂരിപക്ഷം ഒരുവോട്ട്. എെൻറ ചിഹ്നമായ കോണിക്കുനേരെ സ്ഥാനം മാറി കുത്തിയ ഒരു വോട്ടും ചേർത്തപ്പോൾ ഭൂരിപക്ഷം രണ്ടായി. പിന്നീട് അഞ്ചുതവണയാണ് റീ കൗണ്ടിങ് നടന്നത്. അപ്പോഴെല്ലം രണ്ട് വോട്ട് ഭൂരിപക്ഷം നിലനിന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എതിരാളികൾ അഴിഞ്ഞാടി. അക്രമത്തിന് പുറമെ കേസുകളും വന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു പരാതി, അക്രമ സംഭവങ്ങളുടെ പേരിൽ മറ്റൊരു പരാതി, കൊലക്കുറ്റത്തിന് മറ്റൊരു കേസ്. കൗൺസിലറായി എട്ടാംമാസം ഒളിവിൽ പോകേണ്ടി വന്നു. രണ്ടുമാസത്തെ ഒളിവുകാലത്തിനുശേഷം കോടതിയിൽ കീഴടങ്ങി. ഒരുമാസം കണ്ണൂർ ജയിലിൽ. കേസ് കോടതി എഴുതിത്തള്ളിയെങ്കിലും എതിരാളികളുടെ മാനസിക പീഡനം തുടർന്നു.
ഇതോടെ വീണ്ടും പ്രവാസം സ്വീകരിക്കാൻ തീരുമാനിച്ചു. അങ്ങനെ, നഗരസഭയിൽ ഒരു വർഷംകൂടി ഭരണം ബാക്കിനിൽക്കെ രാജിവെച്ച് ഷാർജയിലെത്തി. ഇതിനിടയിൽ, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിരാളികൾ നൽകിയ ഹരജി തളിപ്പറമ്പ് മുനിസിഫ് കോടതി ശരിവെച്ചിരുന്നു. എന്നാൽ, ജില്ല കോടതി ഈ വിധി സ്റ്റേ ചെയ്തു. തളിപ്പറമ്പ് നഗരസഭയിലെ പ്രഥമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. 95ലെ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കേരളത്തിലെ എല്ലാ മുനിസിപ്പാലിറ്റികളും നഷ്ടപ്പെട്ടപ്പോൾ തളിപ്പറമ്പ് മാത്രമാണ് ലഭിച്ചത്. കേരളം മുഴുവൻ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.