വിളയിൽ ഫസീല: പ്രവാസികളിൽ ഗൃഹാതുര ഓർമകൾ സമ്മാനിച്ച ഗായിക
text_fieldsഇമ്പമാർന്ന മാപ്പിളപ്പാട്ടിലൂടെ പ്രവാസികളുടെ ഗൃഹാതുരമായ ഓർമകളെ തട്ടിയുണർത്തിയ ഗായികമാരിൽ ഒരാളായിരുന്നു വിളയിൽ ഫസീല. പ്രവാസലോകത്ത് സ്റ്റേജ് ഷോകളിൽ നിറസാന്നിധ്യമാകാൻ കഴിഞ്ഞില്ലെങ്കിലും പഴയ തലമുറയുടെ പാട്ടോർമകളിൽ നിത്യവസന്തമാകാൻ ഫസീലയെന്ന ഗായികക്ക് കഴിഞ്ഞിട്ടുണ്ട്.
ആയിഷാ ബീവിയേയും റംല ബീവിയേയും പോലുള്ളവർ മാപ്പിളപ്പാട്ടിനെ കഥാപ്രസംഗവുമായി കൂട്ടിയിണക്കിയപ്പോൾ ആ സംഗീത ശാഖക്ക് സ്വതന്ത്രമായ അസ്ഥിത്വം സമ്മാനിച്ചവരിൽ മുൻപന്തിയിൽ വിളയിൽ ഫസീലയുമുണ്ടായിരുന്നു.
ഓഡിയോ കാസറ്റുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മാപ്പിളപ്പാട്ടിന് സ്വന്തമായ ഒരിടം സമ്മാനിക്കാൻ ഫസീലക്ക് കഴിഞ്ഞുവെന്ന് പറയാം. രണ്ടിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെച്ച അപൂർവം മാപ്പിളപ്പാട്ട് ഗായകരിൽ ഒരാളായിരുന്നു ഫസീല.
‘ആമിന ബീവിക്കോമന മോനേ.., മക്കത്തെ രാജാത്തിയായി..., ഉടനെ കഴുത്തെന്റെ.., തുടങ്ങി മലയാളികൾ നെഞ്ചേറ്റിയ അനേകം പാട്ടുകൾ ഫസീലയുടെ ശബ്ദത്തിലൂടെ പുറത്തുവന്നതാണ്. മകൻ ഫയാദിനെ കാണാനായി ഗൾഫിൽ വരുമ്പോഴെല്ലാം ഏറെ നേരം ചെലവഴിച്ചിരുന്നത് ദുബൈയിൽ എന്റെ വീട്ടിലായിരുന്നു. അവസാനമായി കഴിഞ്ഞ വർഷവും ഫസീലത്ത വീട്ടിൽ വന്നിരുന്നു.
2019 ഡിസംബറിൽ വീട്ടിലെത്തുമ്പോൾ അപൂർവമായ ഒരു സംഗമത്തിന് സാക്ഷിയായി. മാപ്പിളപ്പാട്ടിലേക്ക് ഫസീലയെ കൈപിടിച്ചുകയറ്റിയ, മാപ്പിളപ്പാട്ട് ഗായകരിൽ കാരണവരായ വി.എം. കുട്ടിയും അന്നവിടെ ഉണ്ടായിരുന്നു. അതൊക്കെ ഇന്നും ഓർമയിൽ നിറഞ്ഞു നിൽക്കുകയാണ്.
എം.ബി.എ പൂർത്തീകരിച്ച മകൻ ഫയാദിനെ ആദ്യം ഏൽപിച്ചത് എന്റെ അടുത്തായിരുന്നു. ഷാർജയിൽ താമസിക്കുന്ന മകനേയും മകളേയും കാണാനായി എത്തുമ്പോഴെല്ലാം മെഹഫിൽ സന്ദർശിക്കാതെ പോവാറില്ല.
ഒന്നര വർഷം മുമ്പാണ് ഭർത്താവ് മുഹമ്മദലി മരണപ്പെടുന്നത്. പിന്നീട് പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. എങ്കിലും ഫോണിലൂടെ ബന്ധം തുടരുന്നുണ്ടായിരുന്നു. 2008ൽ ഏറ്റവും മികച്ച മാപ്പിളപ്പാട്ട് ഗായകർക്കുള്ള നെല്ലറ അവാർഡ് സമ്മാനിക്കാൻ കഴിഞ്ഞുവെന്നത് അഭിമാനകരം. മരിക്കും വരെ ആരുടെ കൈയിൽനിന്നും സഹായങ്ങൾ തേടാതെ അന്തസ്സായി തിരികെ പോകാൻ ഫസീലത്താത്തക്ക് കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കത്തുപാട്ടുകളിലൂടെ ഓർമകളുടെ പുതുവസന്തം തീർത്തിരുന്ന പ്രവാസിസമൂഹത്തിന് പുതിയ വഴികൾ തുറന്നിട്ടത് ഫസീലയെ പോലുള്ളവരാണ്. മാപ്പിളപ്പാട്ടുകളുടെ വസന്തങ്ങളാണ് ഫസീലയെ പോലുള്ളവരുടെ കൊഴിഞ്ഞുപോക്കോടെ ഇല്ലാതാവുന്നത്- ഷംസുദ്ദീൻ നെല്ലറ
‘കടലിന്റെ ഇക്കരെ വന്നോരെ... ഖൽബുകൾ വെന്ത് പുകഞ്ഞോരെ...’
പ്രവാസലോകത്തെ മാപ്പിളപ്പാട്ടാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത ഗായികയാണ് വിളയിൽ ഫസീല. പ്രവാസിയുടെ നീറുന്ന മനസ്സിലും പൊള്ളുന്ന മരുഭൂമിയിലും ആ നാദം ഇന്നും അലയടിക്കുന്നത് കേൾക്കാം. ‘കടലിന്റെ ഇക്കരെ വന്നോരെ... ഖൽബുകൾ വെന്ത് പുകഞ്ഞോരെ...’ എന്നതടക്കം പ്രവാസത്തിന്റെ നോവും കിനാവും ഉൾവഹിച്ച ഗാനങ്ങൾ അവരുടെ സുന്ദരശബ്ദത്തിലൂടെ പുറത്തുവന്നു.
ഒരുകാലത്ത് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ കൈയിൽ സൂക്ഷിച്ചിരുന്നു ടേപ്പ് റെക്കോഡുകളിൽ ഏറെയും അവരുടെ ഗാനങ്ങളായിരുന്നു. ‘ഹജ്ജിന്റെ രാവിൽ ഞാൻ കഅ്ബം കിനാവ് കണ്ട്...’, ‘ആമിന ബീവിക്കോമന...’ തുടങ്ങിയവ ഇന്നും മലയാള ആസ്വാദക ലോകത്തിന് മറക്കാനാവാത്തതാണ്.
തന്റേതായ ആലാപന ശൈലിയിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ വിളയിൽ ഫസീല യു.എ.ഇ അടക്കമുള്ള ഗൾഫിലെ പരിപാടികളിൽ ഒരുകാലത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത അതിഥിയായിരുന്നു.
പ്രവാസലോകത്തുനിന്ന് മാപ്പിളപ്പാട്ടിൽ ഗവേഷണം നടത്തുന്ന വ്യക്തിയെന്ന നിലയിൽ അവരുമായി പലവട്ടം സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. പുതുതലമുറയെ വളരെ വാത്സല്യപൂർവമാണ് അവർ പരിഗണിച്ചിരുന്നത്. എല്ലാ കാര്യത്തിലും സഹായം ചെയ്യാനും അവർ സന്നദ്ധയായിരുന്നു.
മാപ്പിളപ്പാട്ടുകളിൽ വമ്പൻ ഹിറ്റുകളിലൊന്നായ ‘അല്ലാ റസൂലിനെയും കഴിച്ചെനിക്കെല്ലാത്തിനും സഖിയാണോരേ’ എന്ന ഗാനം ഒരുപാട് പ്രശസ്തർ പാടിയിട്ടുണ്ടെങ്കിലും അത് മുഴുവനായി തെറ്റ് കൂടാതെ ആലപിച്ചിട്ടുള്ളത് ഇവരാണ്.
ഇതിന്റെ ഓഡിയോ ഒരു സുഹൃത്തിന്റെ ശേഖരത്തിൽനിന്ന് അടുത്തകാലത്ത് ലഭിച്ചു. മാപ്പിളപ്പാട്ട് ഗവേഷണാർഥം ഇതിന്റെ വരികൾ സുഹൃത്ത് മുഫ്തി മുബാറക്കിന്റെ സഹായത്തോടെ ലക്ഷദ്വീപിൽനിന്നാണ് ലഭിച്ചത്.
ആച്ചുവീട്ടിൽ ബീവി കൊയിലാണ്ടി തങ്ങൾക്കെഴുതിയ കത്ത് എന്ന സൂചന മാത്രമാണ് ഈ പാട്ടിന് തലക്കെട്ടായി ഉണ്ടായിരുന്നത്. രചയിതാവിന്റെ പേരുവിവരം വ്യക്തമല്ലായിരുന്നു. ഇതടക്കം വിളയിൽ ഫസീല പാടി ജനകീയമാക്കിയ നിരവധി ഗാനങ്ങൾ സംബന്ധിച്ച് പഠിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
എരഞ്ഞോളി മൂസക്കയുടെ കൂടെയാണ് ഒരിക്കൽ നേരിട്ട് സംസാരിക്കാൻ അവസരം ലഭിച്ചത്. വിളയിൽ ഫസീലയുടെ നിര്യാണത്തോടെ മാപ്പിളപ്പാട്ടിന്റെ ഒരു യുഗം തന്നെയാണ് അവസാനിക്കുന്നത്- ഒ.ബി.എം. ഷാജി കാസർകോട് (മാപ്പിളപ്പാട്ട് ഗവേഷകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.