ഖവാനീജിലെ വില്ലകൾ ഇന്നുമുതൽ പൗരന്മാർക്ക് നൽകും
text_fieldsഖവാനീജിൽ മുഹമ്മദ് ബിൻ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ് പണികഴിപ്പിച്ച
വില്ലകൾ
ദുബൈ: ഖവാനീജിൽ മുഹമ്മദ് ബിൻ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ് പണികഴിപ്പിച്ച വില്ലകൾ തിങ്കളാഴ്ച മുതൽ പൗരന്മാർക്ക് വിതരണം ചെയ്ത് തുടങ്ങും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. ദുബൈ നൗ ആപ്ലിക്കേഷനിലെ ഇമാറാത്തി പ്ലാറ്റ്ഫോമിൽ ലഭ്യമായ ഡിജിറ്റൽ റിസർവേഷൻ സംവിധാനം വഴിയാണ് വീടുകളുടെ കൈമാറ്റം കൈകാര്യം ചെയ്യുന്നതെന്ന് വകുപ്പ് അധികൃതർ ഞായറാഴ്ച അറിയിച്ചു.
1050 വില്ലകളാണ് ഖവാനീജിൽ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ചിരിക്കുന്നത്. വീടുകൾ കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് സന്ദർശിക്കുകയും സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. കോംപ്ലക്സിലെ സൗകര്യങ്ങൾ സംബന്ധിച്ച് മുഹമ്മദ് ബിൻ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ് സി.ഇ.ഒ ഉമർ ഹമദ് അബ്ദുല്ല ഹമദ് ബൂ ശിഹാബ് ദുബൈ ഭരണാധികാരിക്ക് വിശദീകരിച്ചു. മേഖലയിൽ ഹരിതയിടങ്ങളും തുറന്ന സ്ഥലങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം മേഖലയിൽ പ്രയാസരഹിതമായ യാത്രാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആഗോള തലത്തിലെ മികച്ച രീതികൾ അനുസരിച്ച് സുസ്ഥിരമായ നിർമാണ രീതിയാണിവിടെ സ്വീകരിച്ചിരിക്കുന്നത്. റോഡുകളും കാൽനട, സൈക്ലിങ് പാതകളും വിപുലമായ രീതിയിൽ സംവിധാനിച്ചിട്ടുണ്ട്. അതോടൊപ്പം പാർക്ക്, കളിസ്ഥലം, നഴ്സറി, വാണിജ്യ-സേവന കേന്ദ്രം എന്നിങ്ങനെ സംവിധാനങ്ങളുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.