ശ്രീനിവാസൻ വീണ്ടും സിനിമയിലേക്കെന്ന് വിനീത്; ഞായറാഴ്ച ഷൂട്ടിങ് തുടങ്ങും
text_fieldsദുബൈ: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശ്രീനിവാസൻ വീണ്ടും അഭിനയം തുടങ്ങുമെന്നും ഞായറാഴ്ച ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്നും മകൻ വിനീത് ശ്രീനിവാസൻ. പുതിയ ചിത്രമായ 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി'ന്‍റെ പ്രമോഷനായി ദുബൈയിലെത്തിയ വിനീത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
അഛൻ വീണ്ടും സ്ക്രീനിലെത്തുന്നത് കാണാൻ ആകാംക്ഷയുണ്ട്. ഷൈൻ ടോം ചാക്കോ അഭനിയിക്കുന്ന കുറുക്കൻ എന്ന സിനിമയിലാണ് അഛൻ വീണ്ടും എത്തുന്നത്. എറണാകുളത്താണ് ഷൂട്ട്. പുതിയ സിനിമൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ഡിഗ്രഡേഷൻ ചിത്രത്തിന്‍റെ വിജയത്തെ ബാധിക്കില്ല. വളരെ കുറച്ചാളുകൾ മാത്രമാണ് അത് വിശ്വസിക്കുന്നത്. വിമർശനങ്ങൾ ഏറ്റുവാങ്ങിയ എത്രയോ സിനിമകൾ തീയറ്ററിൽ ഹിറ്റായിട്ടുണ്ട്. പുകഴ്ത്തപ്പെട്ട പല സിനിമകളും തീയറ്ററിൽ വിജയിക്കാതെ പോയിട്ടുമുണ്ട്. നല്ല സിനിമയുണ്ടാകുക എന്നതാണ് മുഖ്യം. സിനിമയിലേക്ക് കൂടുതൽ നടൻമാർ എത്തണം. വർഷത്തിൽ 250ഓളം മലയാള സിനിമകൾ ഇറങ്ങുന്നുണ്ട്. സംവിധായകർ അത്രയധികം വർധിച്ചിട്ടുണ്ടെന്നതിന്‍റെ തെളിവാണിത്. എന്നാൽ, ഇതിനനുസരിച്ച് മികച്ച നടൻമാർ എത്തുന്നില്ലെന്നും വിനീത് പറഞ്ഞു.
സാധാരണ വക്കീൽ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് അഡ്വ. മുകുന്ദൻ ഉണ്ണി എന്ന് നടി തൻവി റാം പറഞ്ഞു. നായകൻ അഡ്വക്കേറ്റ് ആണെങ്കിലും കഥയുടെ ഭൂരിഭാഗവും നടക്കുന്നത് കോടതിക്ക് പുറത്താണ്. പ്രേക്ഷകർ ചിത്രം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും തൻവി കൂട്ടിചേർത്തു. നടി ആർഷ ചാന്ദ്നി, നിർമാതാവ് ഡോ. അജിത് ജോയ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. നവംബർ 11നാണ് ചിത്രം തീയറ്ററിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.